കൊച്ചി: മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ രാഹുല്‍ഗാന്ധി തീരുമാനമെടുക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കുന്ന കാര്യത്തിലാണ്  കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി തീരുമാനം രാഹുല്‍ഗാന്ധിക്ക് വിട്ടത്. 

വിജയസാധ്യത മാത്രമാണ് തിരഞ്ഞെടുപ്പില്‍ മാനദണ്ഡമായി പരിഗണിക്കുന്നത്. സിറ്റിങ് എം പി ആണെങ്കിൽക്കൂടിയും വിജയസാധ്യതയുണ്ടെങ്കില്‍ മത്സരിക്കണമെന്ന അഭിപ്രായമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍ എന്നീ മൂന്ന് പേരും മത്സരിക്കണമോ എന്ന കാര്യത്തില്‍ തീരുമാനം രാഹുല്‍ഗാന്ധിക്ക് വിട്ടിരിക്കുന്നത്. 

മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലായെന്നുള്ള തീരുമാനമാണ് മുന്‍പ് എടുത്തിരുന്നത്. എന്നാല്‍ ഇത് പാര്‍ട്ടി പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചതായാണ് ഇന്ന് സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നത്. 

കെ.സുധാകരന്‍ മത്സരിക്കുന്നില്ലായെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ താന്‍ മത്സരിക്കുമെന്ന് തിരുത്തി പറഞ്ഞു. സ്‌ക്രീനിംഗ് കമ്മിറ്റിയിലും തന്റെ നിലപാട് തുടര്‍ന്നെങ്കിലും കണ്ണൂരില്‍ വിജയസാധ്യതയുണ്ടെന്ന നിഗമനത്തല്‍ മത്സരിക്കണമെന്ന അഭിപ്രായമുയരുകയാണുണ്ടായത്. ഇതോടെ കെ.സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കണമെന്നാണ് ചര്‍ച്ചയില്‍ നിർദ്ദേശമുയർന്നത്.  

നാല് സിറ്റിങ് എം പിമാരുടെ പേരിലാണ് ഇന്ന് സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ചര്‍ച്ച നടന്നത്. കൂടാതെ ഇടുക്കിയിലും പത്തനംതിട്ടയിലും ഉമ്മന്‍ചാണ്ടിയെ പരിഗണിക്കുന്നുണ്ട്. പത്തനംതിട്ടയില്‍ മത്സരിക്കുകയാണെങ്കില്‍ ആന്റോ ആന്റണി ഇടുക്കിയില്‍ മത്സരിക്കുന്നതിനാണ് സാധ്യത. എന്നാല്‍ ഇതിലെല്ലാം അന്തിമ തീരുമാനമെടുക്കുന്നത് രാഹുല്‍ഗാന്ധിയായിരിക്കും. 

Content Highlights: Congress Leaders Candidates or Not Decision Will take Rahul Gandhi