ന്യൂഡല്‍ഹി:  രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നും ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങരുതെന്ന  ആവശ്യവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍. അതേ സമയം വയനാട്ടില്‍ മത്സരിക്കരുതെന്ന ആവശ്യവുമായി ഡി.എം.കെ.അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ രംഗത്തെത്തി.ഇടതുപാര്‍ട്ടികള്‍ക്കെതിരായി മത്സരിക്കുന്നത് ബി.ജെ.പി.ക്ക് ഉത്തരേന്ത്യയില്‍ അനുകൂലമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

എന്നാൽ ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ ആവശ്യം." കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആയിരിക്കണം. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് പാര്‍ട്ടി നേതാക്കള്‍ ഇടപെടുന്ന സാഹചര്യം ഒഴിവാക്കണം. കേരളത്തില്‍ എക്കാലത്തും ഇടതുപക്ഷമാണ് എതിരാളികള്‍. രാഹുല്‍ കേരളത്തില്‍ മത്സരിച്ചാല്‍ ദേശീയ തലത്തിലുള്ള ബി.ജെ.പി. വിരുദ്ധ സഖ്യം തകരില്ല". രാഹുല്‍ പിന്മാറിയാല്‍ കേരളത്തിലെ വിജയ സാധ്യതയെ ബാധിക്കുമെന്ന ആശങ്കയും നേതാക്കള്‍ പങ്കുവെച്ചു. 

അതേ സമയം പതിനാറാം സ്ഥാനാര്‍ഥി പട്ടികയിലും വയനാട്, വടകര മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായില്ല. മത്സരിക്കണമെന്ന വിവിധ സംസ്ഥാനങ്ങളുടെ ക്ഷണം രാഹുല്‍ഗാന്ധി പരിഗണിച്ചിട്ടുണ്ടെന്നും ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും പാര്‍ട്ടി വക്താവ് പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചു. 

Content Highlights: Confusions On Congress Wayanad Seat