തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയം ബാധിക്കുകയാണെങ്കില്‍ ബി.ജെ.പിയാണ് നേട്ടമുണ്ടാക്കേണ്ടതെന്നും എന്നാല്‍ പത്തനംതിട്ടയില്‍ ഉള്‍പ്പെടെ ബി.ജെ.പി. പിന്നിലായെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പിലെ തോല്‍വി പ്രതീക്ഷിച്ചില്ലെന്നും ഈ തിരിച്ചടി താത്കാലികമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ബാധിച്ചിട്ടില്ല, ബാധിച്ചെങ്കില്‍ ബി.ജെ.പിക്കായിരുന്നു ഗുണം കിട്ടേണ്ടിയിരുന്നത്. എന്നാല്‍ ബി.ജെ.പി. സ്ഥാനാര്‍ഥി പത്തനംതിട്ടയില്‍ പിന്നോട്ടുപോയി. പത്തനംതിട്ടയില്‍ വിജയിക്കും എന്നായിരുന്നു അവരുടെ അവകാശവാദം. അത് ഉണ്ടായില്ല. പക്ഷേ, വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവര്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി. അത് പരിശോധിക്കേണ്ടതുണ്ട്. സുപ്രീംകോടതി വിധിയാണ്. അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരു മുഖ്യമന്ത്രിക്കും കഴിയില്ല. ഏത് സര്‍ക്കാരാണെങ്കിലും ചെയ്യേണ്ടകാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാരും ചെയ്തത്- മുഖ്യമന്ത്രി പറഞ്ഞു. 

കേന്ദ്രത്തില്‍ മോദിഭരണം വരരുതെന്ന് ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസ്‌ ഭരണത്തിന് നേതൃത്വം നല്‍കാനാകുമെന്ന് ചിന്തിച്ചു. രാജ്യത്തിന്റെ ഭാവിയില്‍ ഉത്കണ്ഠയുള്ള ഇവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന് കരുതി. ഇതാണ് യു.ഡി.എഫിന് കൂടുതല്‍ വോട്ടുകള്‍ ലഭിക്കാന്‍ കാരണമായതെന്നും ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്തല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയത് എന്തിനാണെന്ന് ഇപ്പോള്‍ മനസിലായെന്നും രാഹുലിന്റെ സ്ഥാനാര്‍ഥിത്വം തെറ്റായ സന്ദേശം നല്‍കുമെന്ന് ഇടതുപക്ഷം ആദ്യമേ ചൂണ്ടിക്കാണിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് തകര്‍ന്നു. ഈ സംസ്ഥാനങ്ങളില്‍ ഭരണത്തിലേറി മാസങ്ങളായിട്ടും വിജയിക്കാനായില്ല. കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാണെന്നും ഇത് പലരും മനസിലാക്കിയില്ല.

തിരഞ്ഞെടുപ്പിലെ പരാജയത്തെ സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയടക്കം എല്ലാ കമ്മിറ്റികളും പരിശോധിക്കുമെന്നും ഈ തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെതിരായ വിധിയെഴുത്തല്ലെന്നും സര്‍ക്കാരിന് ജനപിന്തുണയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിനിടെ, മുഖ്യമന്ത്രിയുടെ ശൈലി മാറ്റുമോ എന്ന ചോദ്യത്തിന് എന്റെ ശൈലി എന്റെ ശൈലിയാണെന്നും അതില്‍ മാറ്റമൊന്നും വരുത്തില്ലെന്നും ആര്‍ക്കാണ് ധാര്‍ഷ്ട്യമെന്നെല്ലാം ജനങ്ങള്‍ക്കറിയാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

Content Highlights: cm pinarayi vijayan response about loksabha election result