തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പല എക്‌സിറ്റ് പോളുകളും നേരത്തെ പ്രവചിച്ചത് പാളിപ്പോയിട്ടുണ്ടെന്നും അതിനാല്‍ ഫലം വരുന്ന 23-ാം തീയതി വരെ കാത്തിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2004-ല്‍ എന്‍.ഡി.എയ്ക്ക് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നായിരുന്നു ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. ഫലം വന്നപ്പോള്‍ എക്‌സിറ്റ് പോള്‍ പ്രവചനമെല്ലാം തെറ്റിപ്പോയി. അതിനാല്‍ 23-ാം തീയതി വരെ കാത്തിരിക്കാം- മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കേരളത്തില്‍ എല്‍.ഡി.എഫ്. മികച്ചവിജയം നേടുമെന്നതില്‍ സംശയം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയം കേരളത്തിലെ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും ഭരണഘടന സ്ഥാപനങ്ങളെ കാല്‍ക്കീഴില്‍ നിര്‍ത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

12 ദിവസം നീണ്ടുനിന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിനുശേഷം തിങ്കളാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. സംസ്ഥാന വികസനത്തിന് ഉപകാരപ്രദമായ കാര്യങ്ങള്‍ വിദേശസന്ദര്‍ശനത്തിലുണ്ടായെന്നും യൂറോപ്യന്‍ പര്യടനം കേരളത്തിന് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയം തടയാനും പ്രളയാനന്തര പുനര്‍നിര്‍മാണത്തിനും നെതര്‍ലാന്റ് മാതൃകയിലുള്ള പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Content Highlights: chief minister pinarayi vijayan about loksabha election exit polls