തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ പിലാത്തറ അപ്പര്‍ പ്രൈമറി സ്‌കൂളില്‍ കള്ളവോട്ട് ചെയ്ത സി.പി.എം പഞ്ചായത്തംഗത്തെ അയോഗ്യയാക്കണമെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണയുടെ ശുപാര്‍ശ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. എന്‍.പി സലീന എന്ന പഞ്ചായത്തംഗത്തെ അയോഗ്യയാക്കണമെന്ന ശുപാര്‍ശയാണ് കമ്മീഷന്‍ തള്ളിയത്. 

എന്‍.പി.സലീന കളളവോട്ടു ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായും ഇത് ഗുരുതരമായ പെരുമാറ്റ ദൂഷ്യമാണെന്നും അതിനാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം എന്നുമായിരുന്നു ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ശുപാര്‍ശ. പെരുമാറ്റ ദൂഷ്യം സംബന്ധിച്ചോ ആള്‍മാറാട്ടം സംബന്ധിച്ചോ ഉള്ള കുറ്റത്തിന് കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ മാത്രമെ ഒരു പഞ്ചായത്തംഗത്തെ അയോഗ്യനാക്കുവാന്‍ കഴിയുകയുള്ളൂ എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.

ഒരു ഭരണഘടനാ സ്ഥാപനമായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്ത്യന്‍ ഭരണഘടനയും കേരള നിയമസഭ ഉണ്ടാക്കിയ നിയമങ്ങളും നല്‍കുന്ന അധികാരങ്ങള്‍ക്ക് ഉള്ളില്‍ നിന്നാണ് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നത്. ഒരാള്‍ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിനും പഞ്ചായത്തംഗമായി തുടരാന്‍ കഴിയാത്തതിനുള്ള അയോഗ്യതകള്‍ സംബന്ധിച്ച് ഇന്ത്യന്‍ ഭരണഘടനയിലും കേരള പഞ്ചായത്ത് രാജ് ആക്ടിലും വ്യക്തമായ വ്യവസ്ഥകളുണ്ട്. ഇപ്രകാരം അയോഗ്യത കല്‍പ്പിക്കുന്നതിനുള്ള അധികാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ്.

പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കുന്നതിനുള്ള നടപടി സ്വയമേവ സ്വീകരിക്കുവാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയുകയില്ല.  ഇതിലേക്കായി ബന്ധപ്പെട്ട പഞ്ചായത്തിലെ ഒരംഗമോ ബന്ധപ്പെട്ട പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട വോട്ട് ചെയ്യാന്‍ അവകാശമുള്ള ഒരാളോ കമ്മീഷന്‍ മുമ്പാകെ കേസ് ഫയല്‍ ചെയ്യുകയോ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയോ സര്‍ക്കാര്‍ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ കമ്മീഷന്‍ മുമ്പാകെ ഒരു റഫറന്‍സ് നല്‍കുകയോ വേണം.  ഇപ്രകാരം കമ്മീഷന്‍ മുമ്പാകെ റഫറന്‍സ് നടത്തുന്നതിന് ചീഫ് ഇലക്ട്രല്‍ ഓഫീസറെ സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടില്ല.

എന്‍.പി.സലീന എന്ന പഞ്ചായത്തംഗത്തെ കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചിട്ടില്ലാത്തതിനാലും പഞ്ചായത്തംഗത്തെ അയോഗ്യയാക്കുന്നതിന് കമ്മീഷന്‍ മുമ്പാകെ റഫറന്‍സ് നടത്തുന്നതിന് ചീഫ് ഇലക്ട്രല്‍ ഓഫീസറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാലും ഇതു സംബന്ധിച്ച അപേക്ഷയിന്‍മേല്‍ നടപടി സ്വീകരിക്കുവാന്‍ നിര്‍വ്വാഹമില്ല എന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസറെ അറിയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

content highlights: Bogus vote, Tikaram Meena, CPIM, Kerala State Election Commission