തിരുവനന്തപുരം: സംസ്ഥാനത്ത് സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും ബി.ജെ.പിയുടെ വോട്ട് വിഹിതം വര്‍ധിച്ചെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള.  2014-നെക്കാള്‍ വോട്ട് വിഹിതം ഇത്തവണ വര്‍ധിച്ചെന്നും കൂടുതല്‍പേര്‍ നരേന്ദ്രമോദിയിലും ബി.ജെ.പി.യിലും വിശ്വാസമര്‍പ്പിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

രാജ്യത്ത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അതിദയനീയമായി പരാജയപ്പെട്ടു. കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണുണ്ടായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തിരോധാനം ചെയ്തു. വളക്കൂറുള്ള കേരളത്തില്‍പോലും അവര്‍ക്ക് വിജയിക്കാനായില്ല. രാജ്യത്ത് ആകെ അഞ്ച് സീറ്റുകള്‍ പോലും നേടാനാകാത്ത സ്ഥിതിയാണുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അതിദയനീയമായ പരാജയമാണുണ്ടായത്- ശ്രീധരന്‍പിള്ള വ്യക്തമാക്കി. 

ദേശീയകക്ഷിയായ ബി.ജെ.പിക്ക് ചരിത്രത്തിലെ ഏറ്റവുംവലിയ വിജയമാണുണ്ടായിരിക്കുന്നതെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ചില സീറ്റുകളില്‍ വിജയിക്കുമെന്ന് ബി.ജെ.പി. പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്നും പക്ഷേ, വോട്ട് വിഹിതം വര്‍ധിപ്പിക്കാനായത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: bjp state president ps sreedharan pillai says about loksabha election result