ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കേരള ഘടകത്തിന്റെ പ്രകടനത്തില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം. സംസ്ഥാന പ്രസിഡന്റിനെ മാറ്റണോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കും. സംസ്ഥാനത്ത് മൂന്ന് സീറ്റ് വരെ പ്രതീക്ഷിച്ചിരുന്നതായും കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി വൈ സത്യകുമാര്‍ വ്യക്തമാക്കി.

കേരളത്തിലെ ബി.ജെ.യുടെ പരാജയത്തിന് പല ഘടകങ്ങള്‍ കാരണമായി. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ് പ്രധാന കാരണമെന്നും വൈ സത്യകുമാര്‍ വ്യക്തമാക്കി. കേരളത്തില്‍ ബി.ജെ.പിക്ക് ഉണ്ടായ വോട്ട് വര്‍ധന കേന്ദ്ര നേതൃത്വം നേട്ടമായി പരിഗണിക്കുന്നില്ല എന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. വോട്ട് വര്‍ധന എന്നതിലപ്പുറം അനുകൂല സാഹചര്യങ്ങള്‍ ഏറെയുള്ള ഈ സാഹചര്യത്തില്‍ രണ്ടോ മൂന്നോ സീറ്റുകള്‍ കേന്ദ്ര നേതൃത്വം പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന ഘടകത്തിന് കൂട്ടുത്തരവാദിത്വം ആണുള്ളത് എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഏറ്റവും അനുകൂലമായ സാഹചര്യം മുതലെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചില്ലെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. ഇത് സംസ്ഥാന നേതൃത്വത്തില്‍ സമഗ്രമായ അഴിച്ചുപണിക്ക് കാരണമാവുമെന്നാണ് സൂചന. 

അതേസമയം കേരളത്തിലെ ബി.ജെ.പിയുടെ പ്രകടനത്തില്‍ കേന്ദ്ര നേതൃത്വം തൃപ്തി അറിയിച്ചെന്നാണ് സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞത്. ഇത് അവര്‍ തന്നെ അറിയിച്ചപ്പോള്‍ തനിക്ക് സന്തോഷം തോന്നിയെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു. 

content highlights: BJP, Y Sathyakumar, NDA, PS Sreedharan pillai, Lok sabha election 2019