ചെന്നൈ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ. സഖ്യം പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ചെന്നൈയിലെത്തി എ.ഐ.എ.ഡി.എം.കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് ഇരുവിഭാഗവും സംയുക്തമായി സഖ്യപ്രഖ്യാപനം നടത്തിയത്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എ.ഐ.എ.ഡി.എം.കെ.യും ബി.ജെ.പിയും സഖ്യമായി മത്സരിക്കുമെന്നും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്നും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ലോക്‌സഭ തിരഞ്ഞെടുപ്പിന് പുറമേ 21 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. എ.ഐ.എ.ഡി.എം.കെയ്ക്ക് പിന്തുണ നല്‍കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയലും വ്യക്തമാക്കി. സംസ്ഥാനത്ത് ഒ.പനീര്‍ശെല്‍വത്തിന്റെയും എടപ്പാടി പളനിസ്വാമിയുടെയും നേതൃത്വത്തില്‍ പുതിയ സംഖ്യം തിരഞ്ഞെടുപ്പിനെ നേരിടുമെന്നും കേന്ദ്രത്തില്‍ നരേന്ദ്രമോദിയാകും നേതൃത്വം വഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചൊവ്വാഴ്ച ചെന്നൈയിലെത്തി എ.ഐ.എ.ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. എന്നാല്‍ അവസാനനിമിഷം അമിത് ഷാ യാത്ര റദ്ദാക്കുകയും പകരം കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെ കൂടിക്കാഴ്ചയ്ക്ക് അയക്കുകയുമായിരുന്നു. കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ ശിവസേനയുമായും ബി.ജെ.പി. സഖ്യം പ്രഖ്യാപിക്കുകയും സീറ്റുധാരണയിലെത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ദക്ഷിണേന്ത്യയിലും ബി.ജെ.പി. പുതിയ സഖ്യം രൂപവത്കരിച്ചിരിക്കുന്നത്. 

ബി.ജെ.പിയുമായുള്ള സഖ്യചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് പി.എം.കെയും എ.ഐ.എ.ഡി.എം.കെയും തമിഴ്‌നാട്ടില്‍ സഖ്യമായി മത്സരിക്കാന്‍ ധാരണായായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകളില്‍ പി.എം.കെ. മത്സരിക്കാമെന്ന ധാരണയിലാണ് ഇരുകക്ഷികളും ചൊവ്വാഴ്ച സഖ്യം പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെയാണ് ബി.ജെ.പിയും ഈ സഖ്യത്തില്‍ ചേര്‍ന്നത്. ഈ മൂന്നുകക്ഷികള്‍ക്ക് പുറമേ ഡി.എം.ഡി.കെയും സഖ്യത്തിന്റെ ഭാഗമായേക്കുമെന്നും സൂചനയുണ്ട്. 

Content Highlights: bjp-aiadmk alliance formed in tamil nadu and puducherry