ഇസ്ലാമാബാദ്: ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ ഫലപ്രദമാകാൻ ഇന്ത്യയില്‍ വീണ്ടും നരേന്ദ്ര മോദി അധികാരത്തില്‍ വരണമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് കശ്മീര്‍ വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിന് സഹായകരമാകില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതികരിച്ചത്.

നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ മാത്രമേ പാകിസ്താനുമായുള്ള സമാധാന ചര്‍ച്ചകള്‍ നടക്കാന്‍ ഇടയുള്ളൂ എന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കാശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴത്തേക്കാള്‍ പിന്നോട്ടുപോകുമെന്നും ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ബിജെപിയാണ് അധികാരത്തിലെത്തുന്നതെങ്കില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടെന്നും ഇമ്രാന്‍ ഖാന്‍ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, മുസ്ലീങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നതായും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. ഇന്ത്യയില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് പറയാനാവില്ല. ഇന്ത്യയില്‍ വര്‍ഷങ്ങളായി സന്തോഷത്തോടെ കഴിഞ്ഞുവന്നിരുന്ന മുസ്ലിങ്ങള്‍ ഇപ്പോഴത്തെ തീവ്ര ഹിന്ദു ദേശീയത മൂലം ഭീതിയിലാണ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെപ്പോലെ മോദിയും തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ഭീതിയും ദേശീയ വികാരവുമാണ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് എടുത്തുകളയുമെന്നതടക്കമുള്ള ബിജെപിയുടെ വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാത്രമാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Content Highlights: India pakistan peace talks, Narendra Modi, Imran Khan, Lok Sabha Election 2019