പാട്‌ന: ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അവര്‍ പ്രതീക്ഷ അര്‍പ്പിച്ച സീറ്റുകളിലൊന്നാണ് ബിഹാറിലെ ബെഗുസരായി. സിപിഐയുടെ താര സ്ഥാനാര്‍ഥിയും ജെഎന്‍യു സമര നേതാവുമായ കനയ്യ കമാറിനെയാണ് ഇവിടെ ഇടതുപക്ഷം മത്സരത്തിനിറക്കിയത്. എന്നാല്‍ ഇടതു പ്രതീക്ഷകള്‍ അസ്ഥാനത്താക്കി ബിജെപി സ്ഥാനാര്‍ഥി ഗിരിരാജ് സിങ്ങ് ആണ് ബെഗുസരായില്‍ വിജയത്തോടടുക്കുന്നത്.

സംസ്ഥാനത്തെ ജെഡിയു- ബിജെപി സര്‍ക്കാരിനോടും കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിനോടുമുള്ള ജനങ്ങളുടെ പ്രതിഷേധ വോട്ടുകളില്‍ വിജയിച്ച് കയറാമെന്നായിരുന്നു ഇടതുപക്ഷം പ്രതീക്ഷിച്ചത്. ബിഹാറിലെ മഹാസഖ്യത്തിന്റെ ഭാഗമാകാന്‍ സാധിക്കാതെ പോയതാണ് സിപിഐയ്ക്ക് വിനയായത്. ഇതോടെ പ്രതിപക്ഷ വോടട്ടുകള്‍ ഭിന്നിച്ചു പോകുന്നതിനും ബിജെപി സ്ഥാനാര്‍ഥിയെ വിജയത്തിലേക്ക് നയിക്കുന്ന സാഹചര്യം സംജാതമാകുകയും ചെയ്തു. 

ഇടത് ആശയങ്ങളും ജനകീയ വിഷയങ്ങളും ഉയര്‍ത്തി ബെഗുസരായിയില്‍ കനയ്യ കുമാര്‍ മത്സരിച്ചപ്പോള്‍ തീവ്ര നിലപാടുകളുള്ള ഗിരിരാജ് സിങ്ങിനേയാണ് ബിജെപി കളത്തിലിറക്കിയത്. ദേശീയതയും തീവ്ര നിലപാടുകളും ഉയര്‍ത്തിയുള്ള ബിജെപിയുടെ കാടിളക്കിയുള്ള പചാരണത്തെ മറികടക്കാന്‍ കനയ്യ കുമാറിന് സാധിച്ചില്ല എന്ന് വേണം മനസിലാക്കാന്‍.

Content Highlights: Begusarai Seat Kanhaiya Kumar losing battle