ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭരണ ചക്രം ആരുടെ കൈയിലേക്ക് എത്തുമെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അണികള്‍ എക്‌സിറ്റ് പോളുകളില്‍ നിരാശരാകേണ്ടെന്ന ഉപദേശവുമായി രാഹുല്‍ ഗാന്ധി. അടുത്ത 24 മണിക്കൂര്‍ ജാഗ്രതയോടെ ഭയരഹിതമായി ഇരിക്കാനാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ട്വീറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

'അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണ്. ജാഗ്രതയോടെ ഇരിക്കുക. ഭയപ്പെടരുത്. നിങ്ങള്‍ സത്യത്തിന് വേണ്ടിയാണ് പോരാടിയത്. അജണ്ടകളോടെ വന്നിട്ടുള്ള വ്യാജ എക്‌സിറ്റ് പോളുകളില്‍ നിരാശരാകരുത്. ആത്മ വിശ്വാസവും കോണ്‍ഗ്രസിനോടുള്ള വിശ്വാസവും തുടരുക. നിങ്ങള്‍ നടത്തിയ കഠിനാധ്വാനം ഒരിക്കലും പാഴായി പോവില്ല, ജയ് ഹിന്ദ്'-  രാഹുല്‍ ഗാന്ധി ട്വറ്ററില്‍ കുറിച്ചു. 

ഏഴ് ഘട്ടമായി നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വ്യാഴാഴ്ചയാണ്  നടക്കുന്നത്. ഇതിന് മുന്നോടിയായി വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ എല്ലാം എന്‍ഡിഎ സര്‍ക്കാരിന്റെ തുടര്‍ഭരണമാണ് പ്രവചിച്ചിരിക്കുന്നത്. എന്‍ഡിഎയ്ക്ക് 300, യുപിഎയ്ക്ക് 122, മറ്റുള്ളവര്‍ക്ക് 114 എന്നിങ്ങനെയാണ് എക്‌സിറ്റ് പോളുകള്‍ പറഞ്ഞിരിക്കുന്നത്. സീറ്റുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടെങ്കിലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ കേവല ഭൂരിപക്ഷം നേടുമെന്നാണ് എക്‌സിറ്റ് പോളുകള്‍ എല്ലാം പ്രവചിച്ചിരിക്കുന്നത്. 

അതേസമയം എക്‌സിറ്റ് പോളുകള്‍ എല്ലാം ശരിയാകണമെന്നില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതികരിച്ചത്. വ്യാജ പ്രചാരണങ്ങളില്‍ വീണുപോകരുതെന്നും വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ ജാഗ്രതയോടെ കാവല്‍ നില്‍ക്കണമെന്ന് പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിലേക്ക് പുറമേനിന്ന് വേറെ യന്ത്രങ്ങള്‍ എത്തിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ ശ്രമങ്ങളെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് പ്രിയങ്കാ ഗാന്ധിയും ഇപ്പോള്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

Content Highlights: Rahul Gandhi, 2019 Loksabha Election, Congress, Vote Counting