ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഘടക കക്ഷിയായ ബി ഡി ജെ എസ് മൂന്നു സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആലത്തൂര്‍- ടി.വി ബാബു, മാവേലിക്കര- തഴവ സഹദേവന്‍, ഇടുക്കി- ബിജുകൃഷ്ണന്‍ എന്നിവരുടെ സ്ഥാനാര്‍ഥിത്വമാണ് പ്രഖ്യാപിച്ചത്‌. അനിശ്ചിതത്വം നിലനില്‍ക്കുന്ന തൃശ്ശൂര്‍, വയനാട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യപിച്ചിട്ടില്ല. 

വയനാട്, തൃശ്ശൂര്‍ സീറ്റുകളില്‍  സ്ഥാനാര്‍ഥികളാരെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന്‌ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന സാഹചര്യമുണ്ടാകുന്നതനുസരിച്ച് വയനാട്ടിലെ കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

രണ്ടുദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. തൃശ്ശൂര്‍ സീറ്റില്‍ താന്‍ മത്സരിക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നതിനാലാണ് അവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതിരുന്നത്. ഇക്കാര്യത്തില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും തുഷാര്‍ പറഞ്ഞു. 

മത്സരിച്ചാല്‍ താന്‍ പരാജയപ്പെടും എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമായി കണ്ടാല്‍ മതിയെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസിനെയും എസ്എന്‍ഡിപിയേയും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. മതതര പാര്‍ട്ടിയാണ് ബിഡിജെഎസ്സെന്നും തുഷാര്‍ പറഞ്ഞു. പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ രണ്ടുപേര്‍ ഈഴവ സമുദായത്തില്‍ പെട്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാകുമെന്നും മത്സരിക്കാന്‍ താന്‍ സന്നദ്ധനാണെന്നും തുഷാര്‍ പറഞ്ഞു. മത്സരിക്കാന്‍ തീരുമാനിച്ചാല്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ ആത്മവിശ്വാസമുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

Content Highligts: BDJS Candidate list