ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ നിര്‍ണായകനീക്കങ്ങളുമായി ചന്ദ്രബാബു നായിഡു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബി.എസ്.പി. നേതാവ് മായാവതി എന്നിവരുമായി ചന്ദ്രബാബു നായിഡു ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. 

കേന്ദ്രത്തില്‍ ബി.ജെ.പി. വിരുദ്ധ മുന്നണിക്ക് രൂപംനല്‍കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ കൂടിക്കാഴ്ച. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും അദ്ദേഹം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. 

മെയ് 23-ന് സോണിയ ഗാന്ധി പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇതിനുമുന്നോടിയായാണ് ചന്ദ്രബാബു നായിഡു നേരിട്ട് കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കഴിഞ്ഞദിവസം സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും ആംആദ്മി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. 

ബി.ജെ.പി.ക്ക് എതിരായ ഏത് പാര്‍ട്ടിയെയും മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ചന്ദ്രബാബു നായിഡു കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം ഡല്‍ഹിയിലും ലഖ്‌നൗവിലും എത്തി വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കാളുമായി കൂടിക്കാഴ്ച നടത്തിയത്. 

Content Highlights: andhra cm chandra babu naidu meets akhilesh yadav, and mayavati after rahul gandhi