ന്യൂഡല്‍ഹി: ദേബോശ്രീ ചൗധരിയെ വിജയിപ്പിച്ചാല്‍ നിങ്ങള്‍ക്കൊരു കേന്ദ്രമന്ത്രിയെ ലഭിക്കും- ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബംഗാളികള്‍ക്ക് നല്‍കിയ ഉറപ്പായിരുന്നു ഇത്. ഒടുവില്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമ്പോള്‍ അമിത് ഷാ ആ വാക്കു പാലിച്ചിരിക്കുന്നു. ബംഗാളില്‍നിന്ന് കേന്ദ്രമന്ത്രിസഭയിലേക്ക് ഒരാള്‍ കൂടി. 

ബി.ജെ.പി. ബംഗാള്‍ സംസ്ഥാന സെക്രട്ടറിയും റായ്ഗഞ്ചിലെ എം.പി.യുമായ ദേബോശ്രീ ചൗധരിയാണ് കേന്ദ്രമന്ത്രിസഭയില്‍ ബംഗാളില്‍നിന്നുള്ള പുതുമുഖം. വ്യാഴാഴ്ച രാവിലെയാണ് പാര്‍ട്ടി സെക്രട്ടറിയെ തേടി സന്തോഷവാര്‍ത്തയെത്തിയത്. മന്ത്രിയായി തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും ഇത് പ്രതീക്ഷിച്ചിരുന്നതായും ദേബശ്രീ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. തന്നെ തിരഞ്ഞെടുത്താല്‍ കേന്ദ്രമന്ത്രിയാക്കുമെന്ന് അമിത് ഷാ തിരഞ്ഞെടുപ്പ് റാലിയില്‍ വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ആ വാക്ക് അദ്ദേഹം പാലിച്ചു. എന്നോട് ബംഗാളിയില്‍ സത്യപ്രതിജ്ഞ ചെയ്യാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്- ദേബോശ്രീ ചൗധരി പറഞ്ഞു.

ബംഗാളില്‍നിന്നുള്ള രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് ദേബോശ്രീ ചൗധരി. കഴിഞ്ഞ മോദി മന്ത്രിസഭയില്‍  അംഗമായിരുന്ന ബബുല്‍ സുപ്രിയോയും ഇത്തവണത്തെ മന്ത്രിസഭയിലുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ 18 സീറ്റുകളിലാണ് ബി.ജെ.പി. വിജയിച്ചത്. 

Content Highlights: Amit Shah's Promise, Deboshree Choudhury from bengal selected to modi cabinet,