ന്യൂഡല്‍ഹി: വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടന്നെന്ന ആരോപണങ്ങള്‍ വ്യാപകമായി ഉയര്‍ത്തുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഈ സാഹചര്യത്തില്‍ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളോട് ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കയാണ് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ. ട്വിറ്ററില്‍ ഹിന്ദിയില്‍ പോസ്റ്റ്‌ ചെയ്ത കുറിപ്പിലാണ് അമിത് ഷാ ഈ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

ആദ്യ ചോദ്യത്തിലൂടെ അരവിന്ദ് കെജ്രിവാളിനെയാണ് അമിത് ഷാ നേരിടുന്നത്. കഴിഞ്ഞ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റ് നേടി മൃഗീയ ഭൂരിപക്ഷത്തില്‍ എ.എ.പി അധികാരത്തില്‍ എത്തിയപ്പോള്‍ എന്തുകൊണ്ട് കെജ്രിവാള്‍ ഈ വിമര്‍ശനം ഉയര്‍ത്തിയില്ല എന്നതാണ് അമിത് ഷായുടെ ചോദ്യം. രാജ്യത്ത് ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനിന്റെ ഏറ്റവും കടുത്ത വിമര്‍ശകരില്‍ ഒരാളാണ് അരവിന്ദ് കെജ്രിവാള്‍. ബാലറ്റ് പേപ്പര്‍ വീണ്ടും ഉപയോഗിക്കണമെന്ന ആവശ്യവും കെജ്രിവാള്‍ ഉയര്‍ത്തിയിരുന്നു. 

നിരന്തരം ഹാക്കിങ് ആരോപണം ഉയര്‍ത്തുന്ന പ്രതിപക്ഷം ഇക്ട്രോണിക്ക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുക്കണമെന്നും അമിത് ഷാ വ്യക്തമാക്കി. വിവിപാറ്റുകള്‍ കൊണ്ടുവന്നത് തിരഞ്ഞെടുപ്പ് കൂടുതല്‍ സുതാര്യമാക്കാനാണ്. വീണ്ടും വീണ്ടും വോട്ടിങ് മെഷീനിന്റെ സുതാര്യത ചോദ്യം ചെയ്യുന്നത് എത്രത്തോളം നീതിയുക്തമാണ്. വോട്ടെണ്ണലിന് രണ്ട് ദിവസം മുമ്പ് മാത്രമാണ് പ്രതിപക്ഷം വോട്ടെണ്ണല്‍ രീതിയില്‍ മാറ്റം ആവശ്യപ്പെടുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. എക്‌സിറ്റ്‌പോളുകള്‍ ബി.ജെ.പി വിജയം പ്രവചിച്ചതിന് ശേഷമാണ് പ്രതിപക്ഷം ഈ വിഷയം ഉയര്‍ത്തുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. 

ചല നേതാക്കള്‍ തങ്ങള്‍ക്ക് അനുകൂലമായ ഫലം ഉണ്ടായില്ലെങ്കില്‍ അക്രമം നടത്താന്‍ ആഹ്വാനം ചെയ്യുകയാണ്. ഇത്തരം പ്രസ്താവനകള്‍ അംഗീകരിക്കാനാവില്ല. ഒരു തരത്തിലുള്ള അക്രമങ്ങള്‍ക്കും ഇവിടെ ഉണ്ടാവാന്‍ അനുവധിക്കില്ലെന്നാണ് പ്രതിപക്ഷത്തോട് പറയാനുള്ളതെന്നും അമിത് ഷാ വ്യക്തമാക്കി. സമാനമായ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി അരുണ്‍ ജെറ്റ്‌ലിയും രംഗത്തെത്തി. എക്‌സിറ്റ്‌പോളുകള്‍ വ്യക്തികളുമായി സംസാരിച്ച് തയ്യാറാക്കുന്നതാണെന്നും അതിന് പ്രതിപക്ഷം വോട്ടിങ് മെഷീനുകളെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നും ജെറ്റ്‌ലി പരിഹസിച്ചു.

content highlights:  Amit Shah's 6 Queries EVM fraud