രാഷ്ട്രീയ ചാണക്യൻ എന്ന വിളിപ്പേരുമായാണ് അമിത് ഷാ രണ്ടാം നരേന്ദ്രമോദി സർക്കാരിൽ കാബിനറ്റ് മന്ത്രിപദവിയിലെത്തുന്നത്. അതും ബി.ജെ.പി. ദേശീയ അധ്യക്ഷനെന്നനിലയിൽ കാര്യക്ഷമതയോടെയും ചിട്ടയോടെയും ആസൂത്രണംചെയ്ത പ്രവർത്തനങ്ങളുടെ വിളവെടുപ്പുകാരനായി.

ദേശീയതയിലും പ്രധാനമന്ത്രിയുടെ ജനപ്രിയതയിലും ഊന്നിക്കൊണ്ട് ബി.ജെ.പി. നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണം ജനഹൃദയങ്ങളിലെത്തിച്ചതിന് ഷായ്ക്ക് പ്രധാനപങ്കുണ്ട്. 2014 മുതൽ തിരഞ്ഞെടുപ്പു പ്രവർത്തനരംഗത്തുള്ള ഷായ്ക്ക്, ഇത്തവണത്തെ മിന്നും വിജയത്തിനുള്ള അംഗീകാരംകൂടിയായി കേന്ദ്രമന്ത്രിസ്ഥാനം. നരേന്ദ്രമോദി ഒഴിഞ്ഞാൽ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരംകൂടിയാവും അദ്ദേഹത്തിന്റെ മന്ത്രിസഭാപ്രവേശം.

ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ സ്പന്ദനങ്ങൾ കൃത്യമായി അറിഞ്ഞ നേതാവാണ് ഷാ. 2013-ൽ ദേശീയ രാഷ്ട്രീയത്തിലെത്തിയതുമുതൽ നിരന്തര യാത്രകളിലൂടെയും രാഷ്ട്രീയ പരിശീലനങ്ങളിലൂടെയും ഹിന്ദി ഭൂമികയിലെ ചെറുചലനങ്ങൾപോലും അദ്ദേഹം സ്വായത്തമാക്കി.

കൂടുതൽ എം.പി.മാരെ ഡൽഹിയിലേക്ക് അയക്കുന്ന ഉത്തർപ്രദേശിലെ ബി.ജെ.പി.യുടെ പ്രതിച്ഛായയിൽ സമൂലമാറ്റംവരുത്താൻ അമിത് ഷായ്ക്കായി. മുന്നാക്ക വിഭാഗത്തിന്റെ പാർട്ടി എന്ന വിളിപ്പേരുണ്ടായിരുന്ന ബി.ജെ.പി.യിലേക്ക് ദളിതരും പിന്നാക്കക്കാരുമെല്ലാം എത്തിത്തുടങ്ങി. 2014-ലും 2017-ലും തിരഞ്ഞെടുപ്പുകളിൽ വിവിധ സമുദായങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള സ്ഥാനാർഥിനിർണയത്തിലൂടെ ഷാ ബി.ജെ.പി.യെ മുന്നിലേക്ക് നയിച്ചു. ചെറു പ്രാദേശിക പാർട്ടികളെ തങ്ങളുടെ കൂടാരത്തിലെത്തിച്ച് മഴവിൽ മുന്നണിയുണ്ടാക്കാനും ചിതറിപ്പോകുന്ന വോട്ടുകളെ സമാഹരിക്കാനും ഷായുടെ തന്ത്രങ്ങൾക്കായി. ഫലം 2014-ൽ 71 ലോക്‌സഭാ സീറ്റും 2017-ൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ സംസ്ഥാനഭരണവും.

ഹരിയാണ, മഹാരാഷ്ട്ര, ജാർഖണ്ഡ്, ജമ്മുകശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബി.ജെ.പി.യെ അധികാരത്തിലേറ്റിയ ബുദ്ധികേന്ദ്രവും ഈ ഗുജറാത്തുകാരന്റേതുതന്നെ.

വളരെ ചെറുപ്രായത്തിൽതന്നെ മോദിക്കൊപ്പം ആർ.എസ്.എസിൽ പ്രവർത്തിച്ചുതുടങ്ങിയതാണ് ഷാ. ഗുജറാത്ത് നിയമസഭയിൽ അഞ്ചുതവണ എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ മന്ത്രാലയങ്ങളുടെ ചുമതലവഹിച്ചു. നരേന്ദ്രമോദിയുടെ കാലത്ത് ഗുജറാത്ത് കലാപം നടക്കുമ്പോൾ ആഭ്യന്തരമന്ത്രിയായിരുന്നു.

1964 ഒക്ടോബർ 22-നാണ് ജനനം. ബയോകെമിസ്ട്രി ബിരുദധാരിയായ ഷാ കോളേജ് രാഷ്ട്രീയത്തിലൂടെയാണ് സജീവമായത്. എ.ബി.വി.പി. സെക്രട്ടറിയായിരുന്നു. പിന്നീട് ബി.ജെ.പി. അഹമ്മദാബാദ് സിറ്റി യൂണിറ്റ് സെക്രട്ടറിയായി. അതിനുശേഷം തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 1997-ൽ യുവമോർച്ചയുടെ ദേശീയ ഖജാൻജിയായി. പിന്നീട് ഗുജറാത്ത് ബി.ജെ.പി. വൈസ് പ്രസിഡന്റും.

ഗുജറാത്തിൽ സഹകരണരംഗത്ത് വൻ നേട്ടമുണ്ടാക്കിയതിന്റെ ബഹുമതിയും അമിത്ഷായുടെ പേരിലുണ്ട്. അഹമ്മദാബാദ് ജില്ലാ സഹകരണബാങ്ക് കടബാധ്യതയാൽ തകർന്നിരിക്കുന്ന അവസ്ഥയിൽ ചെയർമാനായി അധികാരമേറ്റ അമിത് ഷാ, ഒരു വർഷത്തിനകം കടങ്ങൾ വീട്ടി. ബാങ്കിനെ ലാഭത്തിലേക്ക് നയിച്ചതിനൊപ്പം 10 ശതമാനം ലാഭവീതവും ഓഹരി ഉടമകൾക്ക് നൽകി. നിലവിൽ സംസ്ഥാനത്ത് മുൻനിരയിൽ നിൽക്കുന്ന ബാങ്കുകളിലൊന്നാണിത്.

Content highlights: Amit Shah, PM Modi's second term