ന്യൂഡല്‍ഹി: പാര്‍ട്ടി നേതൃത്വവുമായി പിണക്കത്തിലായ മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അദ്വാനിയേയും മുരളീ മനോഹര്‍ ജോഷിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷാ സന്ദര്‍ശിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കുന്നതിന് മുന്നോടിയായിട്ടാണ് ഇരുനേതാക്കളേയും അമിത് ഷാ സന്ദര്‍ശിക്കുക എന്നാണ് റിപ്പോര്‍ട്ട്. രാവിലെ 11 മണിയോടെയാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കള്‍ ചടങ്ങിനെത്തുന്നുണ്ട്.

മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തുന്നത് പ്രതിപക്ഷം ആയുധമാക്കിയ സാഹചര്യത്തിലാണ് ഇരുവരേയും പാര്‍ട്ടിയുമായി അടുപ്പിക്കാനുള്ള നീക്കം നടത്തുന്നത്. 

അതേ സമയം മുതിര്‍ന്ന നേതാക്കളായ അദ്വാനിയും മുരളീ മനോര്‍ ജോഷിയും ചടങ്ങിനെത്താന്‍ സാധ്യതയില്ല. തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ ഇരുവരും നേരത്തെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിന്റേയും സര്‍ക്കാരിന്റേയും ശൈലിയേയും നയങ്ങളേയും ബ്ലോഗിലൂടെ അദ്വാനി വിമര്‍ശിക്കുകയും ചെയ്തിരുന്നു. അദ്വാനി വര്‍ഷങ്ങളോളം മത്സരിച്ചിരുന്ന ഗാന്ധി നഗര്‍ മണ്ഡലത്തില്‍ ഇത്തവണ അമിത് ഷായാണ് മത്സരിക്കുന്നത്.

ഇതിനിടെ മുരളീ മനോഹര്‍ ജോഷി കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാരണാസിയില്‍ അദ്ദേഹം മോദിക്കെതിരെ പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

അഭ്യൂഹങ്ങള്‍ക്കിടെ വെള്ളിയാഴ്ച മുരളീ മനോഹര്‍ ജോഷി അദ്വാനിയെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

Content Highlights: Amit Shah May Meet Upset LK Advani, Murli Manohar Joshi Today: Sources