ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മികച്ച രീതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതം കാണിക്കുന്നുവെന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം നിലനില്‍ക്കെയാണ് പ്രണബ് മുഖര്‍ജിയുടെ പ്രശംസ എന്നത് ശ്രദ്ധേയമാണ്. 

സുകുമാര്‍ സെന്‍ മുതല്‍ നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വെരയുള്ളവര്‍ നല്ല നിലയിലാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ഭരണനിര്‍വഹണ സമിതിയാണ് എല്ലാവരേയും നിയമിക്കുന്നത്. അവര്‍ അവരുടെ ജോലി ഭംഗിയായി നിറവേറ്റുന്നു. നിങ്ങള്‍ അവരെ വിമര്‍ശിക്കേണ്ടതില്ല. വളരെ കൃത്യതയാര്‍ന്ന തിരഞ്ഞെടുപ്പാണ് നടന്നതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് മുന്‍ രാഷ്ട്രപതിയുടെ ഇത്തരത്തിലുള്ള പ്രസ്താവന.

സ്ഥാപനങ്ങളെല്ലാം മികച്ചതാണ്. വര്‍ഷങ്ങളെടുത്ത് നിര്‍മിച്ചെടുത്തതാണ് അവ. ഒരു മോശപ്പെട്ട തൊഴിലാളി തന്റെ പണി ആയുധങ്ങളെ കുറിച്ച് പരാതി പറഞ്ഞ് കൊണ്ടിരിക്കും.അതേ സമയം നല്ലൊരു തൊഴിലാളിക്ക് ഈ ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അറിയുമെന്നും മുഖര്‍ജി പറഞ്ഞു.

Content Highlights: Amid Opposition Uproar, Pranab Mukherjee Praises "Perfect" Elections