അമേഠി: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് വേണ്ടി തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ച ബി.ജെ.പി പ്രവര്‍ത്തകനെ വെടിവെച്ചുകൊന്നു. മുന്‍ ഗ്രാമ മുഖ്യന്‍ കൂടിയായ സുരേന്ദ്രന്‍ സിങിന് നേരെയാണ് ശനിയാഴ്ച വീട്ടിലെത്തിയ അക്രമികള്‍ വെടിയുതര്‍ത്തത്. ഉടന്‍ ലക്‌നൗവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇദ്ദേഹം മരണപ്പെടുകയായിരുന്നു.
 
കൊലപാതകത്തിന് കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചതായും രാഷ്ട്രീയ കാരണങ്ങള്‍ തന്നെയാണ് കൊലപാതകത്തിന്റെ പിന്നിലെന്ന് സംശയിക്കുന്നതായും അമേഠി പോലീസ് സൂപ്രണ്ട് രാജേഷ് കുമാര്‍ വ്യക്തമാക്കി. കേസില്‍ പോലീസ് ചിലരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. 
 
കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമ വികസന പദ്ധതിയായ സന്‍സദ് ആദര്‍ഷ് ഗ്രാം യോജനയുടെ ഭാഗമായി 2015ല്‍ അന്നത്തെ പ്രതിരോധ മന്ത്രിയായ മനോഹര്‍ പരീക്കര്‍ ദത്തെടുത്ത അമേഠിയിലെ ബരാവുലിയ ഗ്രാമത്തിന്റെ തലവനായിരുന്നു സുരേന്ദര്‍ സിങ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനായി ഇദ്ദേഹം ഗ്രാമമുഖ്യന്റെ പദവി ഒഴിയുകയായിരുന്നു.
 
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി പങ്കെടുത്ത സുരേന്ദര്‍ സിങിനെ സ്മൃതി ഇറാനി തന്റെ പ്രസംഗത്തില്‍ പേരെടുത്ത് പ്രശംസിച്ചിരുന്നു. പതിറ്റാണ്ടുകളായി ഗാന്ധി കുടുംബാംഗങ്ങളെ വിജയിപ്പിച്ചിരുന്ന അമേഠിയില്‍ നിന്ന്‌ ഇത്തവണ സ്മൃതി ഇറാനി അട്ടിമറി വിജയം നേടിയിരുന്നു.
 
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സ്മൃതി 55,000 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
 
content highlights: Amethi BJP Worker, Who Campaigned For Smriti Irani, Shot Dead