കോഴിക്കോട്:  വയനാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ഗാന്ധിയുടെ വിജയമുറപ്പിക്കാന്‍ എ.ഐ.സി.സി കെ.പി.സി.സി നിരീക്ഷകര്‍ വയനാട്ടില്‍ ചുമതലയേറ്റെടുത്തു. ഓരോ മണ്ഡലത്തിലും പ്രത്യേകം അംഗങ്ങള്‍ക്ക് ചുമതല കൊടുത്താണ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്. സുരക്ഷാ പ്രശ്‌നമടക്കമുള്ള കാര്യങ്ങളുള്ളതിനാല്‍ രാഹുല്‍ഗാന്ധിക്ക് മണ്ഡലത്തില്‍ സ്ഥിരം പര്യടനത്തിനുള്ള ബുദ്ധിമുട്ടുകള്‍ മുന്‍ നിര്‍ത്തിയാണ് നിരീക്ഷകരെ നിയമിച്ചിരിക്കുന്നത്. 

പുറത്തു നിന്നുള്ള പ്രവര്‍ത്തകരോട് പ്രചരണത്തിനായി വയനാട്ടിലേക്ക് എത്തേണ്ടെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇഷ്ടനേതാവിന്റെ വിജയമുറപ്പിക്കാന്‍ തല്‍ക്കാലം നിര്‍ദേശം അവഗണിച്ച് പ്രവര്‍ത്തകര്‍ വയനാട്ടില്‍ സജീവമായിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ നിന്നാണ് പ്രധാനമായും പ്രവര്‍ത്തകര്‍ വയനാട്ടിലെത്തുന്നത്. വയനാട് മണ്ഡലത്തില്‍ പെട്ട തിരുവമ്പാടി അടക്കം കോഴിക്കോട് ആയതോടെയാണ് പ്രവര്‍ത്തകര്‍ വയനാട്ടിലേക്ക് ചേക്കേറിയത്. ഇതിന് പുറമെ ഇഷ്ടനേതാവായ കെ.മുരളീധരന്റെ പര്യടന പരിപാടികള്‍ക്കും കോഴിക്കോട് നിന്ന് പ്രവര്‍ത്തകര്‍ ഒളിച്ചോടുന്നുണ്ട്. ഇതോടെ എം.കെ രാഘവന്റെ പ്രചാരണത്തിന് സജീവമായി ആളെ കിട്ടുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ് അടക്കമുള്ളവര്‍ പ്രധാനമായും വയനാട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കെ.പി അനില്‍ കുമാര്‍, എന്‍.സുബ്രഹ്മണ്യന്‍, കെ.സി അബു തുടങ്ങിയ നേതാക്കളെല്ലാം വയനാട്ടിലാണ്. രാഘവന്റെ പ്രധാന പരിപാടികളിലൊന്നും ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖിനെ കിട്ടുന്നില്ല. ഇത് ആക്ഷേപത്തിനും ഇടയാക്കിയിട്ടുണ്ട്. രാഘവന് പിന്തുണയേകി മുസ്‌ലിം ലീഗുകാര്‍ സജീവമായി രംഗത്തിറങ്ങുന്നതാണ് ഏക ആശ്വാസം. 

വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോടെത്തുന്നുണ്ട്. ഇതില്‍ പ്രധാനമായും ഉയര്‍ന്ന് വരിക രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം തന്നെയാകും. ഇതിനെ മറികടക്കാന്‍ സോണിയോഗാന്ധി അടക്കമുള്ളവരെ വയനാട്ടില്‍ എത്തിക്കണമെന്നാണ് പ്രവര്‍ത്തകരുടെ പ്രധാന ആവശ്യം. വരുന്ന ആഴ്ചയില്‍ രാഹുല്‍ഗാന്ധി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വീണ്ടും വയനാട്ടിലെത്തുന്നുമുണ്ട്.  
      
എ.ഐ.സി.സി നിരീക്ഷകര്‍
.........................................................
തിരുവമ്പാടി-വിനയ്കുമാര്‍ സുര്‍ക്കെ(മുന്‍ കര്‍ണാടക മന്ത്രി), മാനന്തവാടി -കെ.വി.തങ്കബാലു(മുന്‍ പി.സി.സി അധ്യക്ഷന്‍ തമിഴ് നാട്) സുല്‍ത്താന്‍ ബത്തേരി-പി.വി.മോഹനന്‍ (കര്‍ണ്ണാടക പി സി സി ജനറല്‍ സെക്രട്ടറി), സുല്‍ത്താന്‍ ബത്തേരി-പി.വി.മോഹനന്‍ (കര്‍ണ്ണാടക പി സി സി ജനറല്‍ സെക്രട്ടറി), കല്‍പ്പറ്റ- സുദര്‍ശന്‍ നാച്ചിയപ്പന്‍(മുന്‍ കേന്ദ്രമന്ത്രി), ഏറനാട്- ഷാക്കിര്‍ സാനിഗി( മുന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയസെക്രട്ടറി), നിലമ്പൂര്‍- സലീം അഹമ്മദ്(മുന്‍എന്‍.എസ്.യു(ഐ) ദേശീയ പ്രസിഡന്റ് ), വണ്ടൂര്‍- വിശ്വനാഥന്‍(മുന്‍ എം.പി) എന്നിവരെ നിയമിച്ചു.

കെ.പി.സി.സി നിരീക്ഷകര്‍
....................................................
അഡ്വ: ലാലി വിന്‍സന്റ്-കെ.പി.സി.സി ജനറല്‍ സെക്രട്ടറി (മാനന്തവാടി നിയോജകമണ്ഡലം), ഇ.എം.ആഗസ്തി-മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി (സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം),
പഴകുളം മധു-സെക്രട്ടറി കെ.പി.സി.സി (കല്‍പ്പറ്റ നിയോജകമണ്ഡലം), എം.എ.ചന്ദ്രശേഖരന്‍- മുന്‍ എം.എല്‍.എ ( തിരുവമ്പാടി നിയോജകമണ്ഡലം), അഡ്വ: പി.എം സുരേഷ്ബാബു, ജനറല്‍ സെക്രട്ടറി, കെ.പി.സി.സി (ഏറനാട് നിയോജകമണ്ഡലം), പി.എ.സലീം സെക്രട്ടറി, കെ.പി.സി.സി (നിലമ്പൂര്‍ നിയോജകമണ്ഡലം), കെ.സി.അബു- മുന്‍ ഡി.സി.സി പ്രസിഡന്റ് (വണ്ടൂര്‍ നിയോജകമണ്ഡലം) എന്നിവരെ നിയമിച്ചു.

Content Highlights:AICC,  KPCC Invigilators Take Charge In Wayanad To Assure  Rahul Gandhi  Victory