ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പട്ടിക തയാറാക്കുന്നതിനിടെ ഉത്തര്‍പ്രദേശില്‍ രണ്ട് പാര്‍ട്ടികള്‍ പ്രഖ്യാപിച്ചത് ഒരേ സ്ഥാനാര്‍ഥിയെ. കോണ്‍ഗ്രസും പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടിയുമാണ് യു.പി.യിലെ മുന്‍മന്ത്രിയും കൊലക്കേസ് പ്രതിയുമായ അമര്‍മണി തൃപാതിയുടെ മകള്‍ തനുശ്രീ തൃപാതിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. 

ശിവ്പാല്‍ യാദവിന്റെ പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടി ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലെ സ്ഥാനാര്‍ഥിയായി തനുശ്രീ ത്രിപാദിയെ കഴിഞ്ഞയാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഇതേ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തനുശ്രീയെ കഴിഞ്ഞ ദിവസം വൈകുന്നേരം പ്രഖ്യാപിക്കുകയായിരുന്നു. 

തുടര്‍ന്ന് വെള്ളിയാഴ്ച കോണ്‍ഗ്രസ് മാധ്യമപ്രവര്‍ത്തകയായ സുപ്രിയ ശ്രിനാഥെയെ പകരം പ്രഖ്യാപിക്കുകയായിരുന്നു. 

മുന്‍ യു.പി.മന്ത്രിയും മധുമിത ശുക്ല കൊലപാതക കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന അമര്‍മണി തൃപാതിയുടെ മകളുമാണ് തനുശ്രീ തൃപാതി. 2017 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തനുശ്രീയുടെ സഹോദരന്‍ അമന്‍മണി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. അന്ന് തനുശ്രീയായിരുന്നു സഹോദരന് വേണ്ടി പ്രചരണം നടത്തിയിരുന്നത്.  

അതേ സമയം മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ കന്നിയങ്കം കുറിക്കാനൊരുങ്ങുകയാണ് സുപ്രിയ. 

അഖിലേഷ് യാദവുമായി ഭിന്നിപ്പിരിഞ്ഞ് കഴിയുന്ന അമ്മാവൻ ശിവ്പാല്‍ യാദവിന്റെ പാര്‍ട്ടി 80 ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 50 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. വിജയ സാധ്യത കുറവാണെങ്കിലും ബിഎസ്പി-എസ്പി സഖ്യത്തിന് ശിവ്പാല്‍ യാദവിന്റെ പാര്‍ട്ടി തലവേദന സൃഷ്ടിക്കുമെന്നാണ് സൂചന.

Content Highlights: After Mix-Up Congress Replaces Jailed Ex-Minister s Daughter With Anchor