കൊച്ചി: പത്തു ദിവസമായി ആശുപത്രിക്കിടക്കയിലാണ് വി.എസ്.കൃഷ്ണന്‍കുട്ടി നായരെന്ന എണ്‍പത്തിരണ്ടുകാരന്‍. കുടലില്‍ ബ്ലോക്കായതിനാല്‍ ഭക്ഷണമൊന്നും കഴിക്കാനാവില്ല. എതാനും മില്ലിലിറ്റര്‍ വെള്ളം മാത്രമാണ് ഈ ദിവങ്ങളിലത്രയും വായിലൂടെ കഴിച്ചിരുന്നത്. എന്നാല്‍, തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ തടയാന്‍ ഈ പരാധീനതകള്‍ക്കൊന്നുമായില്ല. നടിയും നര്‍ത്തകിയുമായ മകള്‍ ആശാ ശരത്ത് തുണയായി എത്തിയപ്പോള്‍ കൃഷ്ണന്‍കുട്ടി നായര്‍ എറണാകുളത്തെ ആശുപത്രിയില്‍ നിന്ന് പെരുമ്പാവൂരിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

ഡോക്ടറുടെ പ്രത്യേക അനുമതിയോടെയാണ് അച്ഛനെ വോട്ട് ചെയ്യാന്‍ കൊണ്ടുവന്നതെന്ന് ആശാ ശരത്ത് പറഞ്ഞു. 'പത്തു ദിവസമായി ആശുപത്രിയില്‍ കഴിയുന്നയാളെ ഇത്രയും ദൂരം വോട്ട് ചെയ്യാന്‍ കൊണ്ടുവരിക എന്നത് എന്നെ സംബന്ധിച്ച് ഓര്‍ക്കാന്‍ കൂടി കഴിയാത്ത കാര്യമായിരുന്നു. ഡോക്ടറോട് അച്ഛനെ കൊണ്ടുപൊയ്‌ക്കോട്ടെ എന്ന് ചോദിക്കാന്‍ തന്നെ പേടിയായിരുന്നു. എന്നാല്‍, വോട്ട് ചെയ്യണമെന്ന നിര്‍ബന്ധത്തിലായിരുന്നു അച്ഛന്‍. ഒടുവില്‍ ഇന്നു രാവിലെ അച്ഛന്‍ തന്നെയാണ് ഡോക്ടറോട് അനുമതി ചോദിച്ചത്. അച്ഛന്റെ ആവേശം കണ്ടപ്പോള്‍ മരുന്നുകളും മറ്റും നല്‍കി പ്രത്യേക സജ്ജീകരണത്തോടെ പോകാന്‍ ഡോക്ടറും അനുവദിക്കുകയായിരുന്നു.'

പെരുമ്പാവൂര്‍ ബോയ്‌സ് സ്‌കൂളിലായിരുന്നു ആശാ ശരത്തിനും അച്ഛനും വോട്ട്. ഉച്ചയോടെ ഇരുവരും പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. അച്ഛന്‍ വോട്ടവകാശം ഉള്ള കാലം മുതല്‍ക്കേ മുടങ്ങാതെ വോട്ട് ചെയ്യുന്ന ആളാണെന്നും ദുബായില്‍ തന്നോടൊപ്പം താമസിക്കുമ്പോഴും തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം നാട്ടിലെത്തി വോട്ട് ചെയ്യുമായിരുന്നെന്നും ആശ ഓര്‍ക്കുന്നു. ഈ പ്രായത്തിലും ഒരു കുട്ടിയുടെ ആവേശത്തോടെയാണ് അച്ഛന്‍ വോട്ട് ചെയ്തതെന്നും ആശാ ശരത്ത് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

'സ്ഥിരമായി പൊതുകാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ആളാണ് അച്ഛന്‍. കഴിഞ്ഞ ദിവസങ്ങളിലൊക്കെ വോട്ട് ചെയ്യാനാവില്ലേ എന്ന ആശങ്കയിലായിരുന്നു. വോട്ട് നമ്മുടെ അവകാശവും ചുമതലയുമാണെന്ന് എപ്പോഴും പറയും. ചെറുപ്പക്കാരേക്കാള്‍ ചുറുചുറുക്കോടെയാണ് അദ്ദേഹം വോട്ട് ചെയ്തത്. അച്ഛന്റെ ആവേശം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ആ അച്ഛന്റെ മകളാണെന്നതില്‍ ഞാനേറെ അഭിമാനിക്കുന്നു,' അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Actress Asha Sarath Cast Her vote With Father, 2019 Lok Sabha Elections