പാലക്കാട്: പൊന്നാനിയിലെ പ്രസംഗത്തില്‍ മോശം പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവനെതിരേ ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് പരാതി നല്‍കി. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ആലത്തൂര്‍ ഡി.വൈ.എസ്.പി. ഓഫീസില്‍ നേരിട്ടെത്തിയാണ് രമ്യാ ഹരിദാസ് പരാതി നല്‍കിയത്. പ്രസംഗത്തിനിടയില്‍ എ. വിജയരാഘവന്‍ വ്യക്തിപരമായി അധിക്ഷേപിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയകാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. 

എ. വിജയരാഘവന്റെ പരാമര്‍ശം യാദൃശ്ചികമല്ലെന്നും ആസൂത്രിതമാണെന്നും പരാതി നല്‍കിയശേഷം രമ്യാ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു. 'നേരത്തെയുള്ള പ്രസംഗങ്ങളിലും തനിക്കെതിരെ അദ്ദേഹം ഇത്തരം പരാമര്‍ശം നടത്തിയിട്ടുണ്ടെന്ന് അതെല്ലാം ശ്രദ്ധിച്ചാലറിയാം. അദ്ദേഹത്തിന് എന്നെ നേരിട്ടറിയാന്‍ സാധ്യതയില്ല. പക്ഷേ ഞാന്‍ ഏറെ ബഹുമാനിക്കുന്ന നേതാവാണ് വിജയരാഘവന്‍ സാര്‍'-രമ്യ ഹരിദാസ് പറഞ്ഞു. 

വനിതാ മതില്‍ ഉള്‍പ്പെടെ സംഘടിപ്പിച്ച് നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയുടെ കണ്‍വീനര്‍ തന്നെ ഇങ്ങനെ പറയുമ്പോള്‍ നവോത്ഥാനംകൊണ്ട് ഇടതുമുന്നണി എന്താണ് ഉദ്ദേശിക്കുന്നതെന്നും രമ്യ ചോദിച്ചു. വിഷയത്തില്‍ ആലത്തൂര്‍ എം.പിയും തന്റെ എതിര്‍സ്ഥാനാര്‍ഥിയുമായ പി.കെ. ബിജു നടത്തിയ പ്രതികരണവും പ്രതീക്ഷിക്കാത്തതായെന്നും അവര്‍ പറഞ്ഞു. 

'എതിര്‍സ്ഥാനാര്‍ഥിയാണെങ്കിലും വ്യക്തിപരമായി അധിക്ഷേപ്പിക്കപ്പെടുമ്പോള്‍ ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്. ആലത്തൂരിലെ ജനങ്ങളാണ് അദ്ദേഹത്തിന്റെ നിലപാടില്‍ തീരുമാനമെടുക്കേണ്ടതും പ്രതികരിക്കേണ്ടതും. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തെ അടച്ചാക്ഷേപിക്കുന്നില്ല. എന്നാല്‍ സി.പി.എം. പ്രവര്‍ത്തകര്‍ പോലും വിജയരാഘവന്റെ പരാമര്‍ശത്തെ ന്യായീകരിക്കുന്നില്ല- രമ്യ വിശദീകരിച്ചു. 

ഇടതുമുന്നണി കണ്‍വീനറുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സര്‍ക്കാര്‍തലത്തില്‍ എന്തെങ്കിലും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചെന്നും എന്നാല്‍ അതുണ്ടാകാത്തതിനാലാണ് നേരിട്ടെത്തി പരാതി നല്‍കിയതെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു. എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവരും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷും യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കൊപ്പം ഡി.വൈ.എസ്.പി. ഓഫീസിലെത്തിയിരുന്നു. 

Content Highlights: a vijayaraghavan speech controversy;udf candidate remya haridas filed complaint to alathur dysp