ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം വൈകുന്നത് ഘടകകക്ഷികളുടെ എതിര്‍പ്പ് അടക്കമുള്ളവയെ തുടര്‍ന്നാണെന്ന് സൂചന. വയനാട്ടില്‍ മത്സരിക്കുന്നത് രാഷ്ട്രീയ നെറികേടാണെന്ന് യു.പി.എ. ഘടകകക്ഷികള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. എന്‍.സി.പി, ലോക് താന്ത്രിക് ജനതാദള്‍ എന്നിവ അടക്കമുള്ളവര്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കരുതെന്ന ആവശ്യം ഉന്നയിച്ചുവെന്നാണ് വിവരം.

വയനാട്ടില്‍ രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും തമ്മിലുള്ള മത്സരമാണെന്നാവും വ്യാഖ്യാനിക്കപ്പെടുക. അവിടെ ബി.ജെ.പി.യുടെ സാന്നിധ്യം നാമമാത്രമാണ്. ദേശീയതലത്തില്‍ തന്നെ പ്രതിപക്ഷ ഐക്യത്തിനാണ് പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ ഇതില്‍ രാഷ്ട്രീയ ശരികേടുണ്ടെന്നാണ് എന്‍.സി.പി. നേതാവ് ശരദ്പവപവാര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുള്ളത്.

അതേ സമയം അമേഠിയിലല്ലാതെ രണ്ടാം മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ ബുധനാഴ്ച തീരുമാനമുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ യു.പി.എ. ഘടകകക്ഷികളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുകളുയര്‍ന്ന സാഹചര്യത്തിലാണ് രാഹുലിന്റെ തീരുമാനം വൈകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Content Highlights: 2019 Loksabha Elections UPI Coalition Partners Oppose Rahul Gandhi's Candidates In Wayanad