ന്യൂഡല്‍ഹി: ഒന്‍പത് സംസ്ഥാനങ്ങളിലേക്കുള്ള നാലാംഘട്ട തിരഞ്ഞെടുപ്പില്‍ 12.79 കോടി വോട്ടര്‍മാര്‍ തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്. 71 ലോക്സഭാ മണ്ഡലങ്ങളിലായി 945 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

ബിഹാറില്‍ അഞ്ച്, ജമ്മു കശ്മീരില്‍ ഒന്ന്, ജാര്‍ഖണ്ഡില്‍ മൂന്ന്, മധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ ആറ്, മഹാരാഷ്ട്രയില്‍ 17,  രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 13, പശ്ചിമബംഗാളിലെ എട്ട് മണ്ഡലങ്ങളില്‍ എന്നിങ്ങനെയാണ് നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഇതുകൂടാതെ ഒഡിഷയിലെ 42  നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും തിങ്കളാഴ്ച നടക്കും. 336 സ്ഥാനാര്‍ഥികളാണ് അവിടെ നിയമസഭയിലേക്ക് ജനവിധി തേടുന്നത്.

ബെഗുസുരായ് മണ്ഡലത്തില്‍ നിന്ന് കനയ്യകുമാര്‍ നാളെ ജനവിധി തേടുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു. ബോളിവുഡ് താരങ്ങളായ സ്വര ഭാസ്‌കര്‍, ജാവേദ് അക്തര്‍, പ്രകാശ് രാജ് അടക്കമുള്ളവര്‍ കനയ്യ കുമാറിന് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു.

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റ മകന്‍ നകുല്‍നാഥും തിങ്കളാഴ്ച ജനവിധി തേടുന്നുണ്ട്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിമ്പിള്‍ യാദവും, കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോയും ജനവിധി തേടുന്ന പ്രമുഖരാണ്.

Content Highlights: 2019 Loksabha Elections fourth phase voting on monday