കോഴിക്കോട്: എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെല്ലാം എന്നും ചുക്കാന്‍ പിടിച്ചിരുന്നവരായിരുന്നു സി.പി.എമ്മിന്റെ യുവജന പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐക്കാര്‍. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പ് ഏതായാലും ഡി.വൈ.എഫ്.ഐക്ക് കൃത്യമായ പരിഗണനയും അംഗീകാരവും നല്‍കാന്‍ പാര്‍ട്ടി നേതൃത്വം എന്നും ശ്രദ്ധിച്ചിരുന്നു. പക്ഷെ ഇത്തവണ ഘടക കക്ഷികള്‍ക്ക് പോലും സീറ്റ് പകുത്ത് നല്‍കാതെ സി.പി.എമ്മും സി.പി.ഐയും സീറ്റ് പങ്കിട്ടെടുത്ത് അവസാന തീരുമാനം വന്നതോടെ ഡി.വൈ.എഫ്.ഐ ചിത്രത്തിലില്ലാതെയായി. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കിയിട്ടുമുണ്ട്. 

എസ്.എഫ്.ഐ നേതാവിന്  പോലും മത്സരിക്കാന്‍ സീറ്റ് നല്‍കിയപ്പോള്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റിനും സംസ്ഥാന സെക്രട്ടറിക്കും  മത്സരിക്കാന്‍ സീറ്റ് ലഭിച്ചില്ല. പകരം നിലവിലെ എം.എല്‍.എമാരെ അടക്കം കളത്തിലിറക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. ഇതോടെ വെന്തുരുകുന്ന ചൂടില്‍ സ്ഥാനാര്‍ഥികള്‍ വോട്ട് ചേദിച്ച് പ്രചാരണത്തിനിറങ്ങുമ്പോള്‍ പലയിടങ്ങളിലും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രചാരണത്തിനിറങ്ങാന്‍ അത്ര ആവേശം കാട്ടുന്നുമില്ല.
  
എന്തുകൊണ്ട് ഡി.വൈ.എഫ്.ഐ ഇല്ലാതെ ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്ന പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നേതാക്കള്‍ക്ക് സാധിക്കുന്നില്ല. ജയസാധ്യത, നിര്‍ണായക തിരഞ്ഞെടുപ്പ് എന്നൊക്കെ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുമ്പോഴും സി.പി.എം നേതൃത്വം ഡി.വൈ.എഫ്.ക്ക് കൊടുത്ത കൃത്യമായ മുന്നറിയിപ്പാണ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവാക്കിയതിന് കാരണമായി പറയപ്പെടുന്നത്. കഴിഞ്ഞ കുറച്ച് കാലമായി ഡി.വൈ.എഫ്.ഐയുടെ പ്രവര്‍ത്തനത്തില്‍ അത്ര തൃപ്തരല്ല പാര്‍ട്ടി നേതൃത്വം. പ്രവര്‍ത്തകര്‍ കമ്മിറ്റി കൂടുന്നതില്‍ മാത്രം ഒതുങ്ങുന്നുവെന്ന ആക്ഷേപവും ഉണ്ട്. ഇത് അഖിലേന്ത്യാ പ്രസിഡന്റിന് പോലും സീറ്റ് ലഭിക്കാതിരിക്കുന്ന സാഹചര്യത്തിലേക്ക് എത്തുകയും ചെയ്തു. നിലവിലെ നേതൃത്തോടുള്ള അതൃപ്തിയും വഴി വെച്ചു.
  
കോഴിക്കോട് മണ്ഡലത്തില്‍ ആദ്യ ഘട്ടം മുതല്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചയാളായിരുന്നു ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസിന്റേത്.  ന്യൂനപക്ഷ വോട്ടുകളെ അടക്കം സ്വാധീനിക്കാന്‍ ശേഷിയുള്ള നേതാവ് എന്ന നിലയ്ക്കും എം.കെ രാഘവനെതിരെ മത്സരിച്ച് പരിചയമുള്ള വ്യക്തി എന്ന നിലയ്ക്കുമായിരുന്നു അദ്ദേഹത്തിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നത്. പക്ഷെ അവസാന ഘട്ടത്തില്‍ റിയാസിനെ ഒഴിവാക്കി എ. പ്രദീപ് കുമാര്‍ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഇടം പിടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറി എ.എ റഹീമിനും സംസ്ഥാന നേതാവായ പി ബിജുവിനും സാധ്യത പറഞ്ഞിരുന്നെങ്കിലും പരിഗണിച്ചില്ല
 

വര്‍ഷങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിക്കാതെ പോയതില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കിടയിലും വലിയ അതൃപ്തിയുണ്ട്. 2009-ല്‍ ആദ്യമായി കോഴിക്കോട് എം.കെ രാഘവന്‍ മത്സരിക്കാനെത്തുമ്പോള്‍ 838 വോട്ടുകള്‍ക്ക് മാത്രമാണ് അന്നത്തെ ഡി.വൈ.എഫ്.ഐ നേതാവ് റിയാസ് പരാജയപ്പെട്ടത്. പുതിയ സാഹചര്യത്തില്‍ എല്‍.ജെ.ഡി അടക്കമുള്ളവര്‍ ഇടതുപക്ഷത്തിനൊപ്പമാണ്. ഇത് വിജയസാധ്യതയും വര്‍ധിപ്പിച്ചിരുന്നു. പക്ഷെ അപ്രതീക്ഷിതമായി റിയാസിന് മാറി നില്‍ക്കേണ്ടി വരികയായിരുന്നു.

2014-ല്‍ ഡി.വൈ.എഫ്.ഐ നേതാവായ എ.എന്‍ ഷംസീര്‍ മുല്ലപ്പള്ളിക്കെതിരെ വടകരയില്‍ മത്സരിച്ചപ്പോള്‍ മുല്ലപ്പള്ളിക്ക് ലഭിച്ചത് 3000 വോട്ടിന്റെ ഭൂരിപക്ഷത്തിലുള്ള വിജയം മാത്രമാണ്. ഇങ്ങനെ മത്സരിച്ചപ്പോഴെല്ലാം നല്ല പ്രകടനം തന്നെ മലബാറില്‍ ഡി.വൈ.എഫ്.ഐ സ്ഥാനാര്‍ഥികള്‍ക്ക് കാഴ്ചവെക്കാന്‍ കഴിഞ്ഞിരുന്നു. പക്ഷെ നിര്‍ണായകമായ 17-ാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കളിക്കളത്ത് നിന്നും മാറി നിന്ന് കളികാണുകയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍.
 
Content Highlights:2019 Loksabha Election without DYFI Participation