ഇന്ത്യയില്‍ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ കഴിയുന്നതിനനുസരിച്ച് മെലിഞ്ഞുപോകുന്ന പ്രതിഭാസം കൃത്യമായി കാണിക്കുന്നത് ഇടതുപക്ഷമാണ്. രാഷ്ട്രീയത്തിലെ തിരുത്തല്‍ ശക്തികളെന്നും പുരോഗമന രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് ഇടതുപാര്‍ട്ടികള്‍. പ്രത്യേകിച്ച് സിപിഎം, സിപിഐ എന്നിവര്‍. 

2019 ലെ പൊതുതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ കാലം ചെല്ലുന്തോറും വംശനാശം ഭവിക്കുന്നവരായി ഇടതുപക്ഷം മാറുന്നോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഇടത് കോട്ടകളെന്ന് വീമ്പടിച്ചിരുന്ന ബംഗാളില്‍ ഇടതു പക്ഷം പ്രത്യേകിച്ച് സിപിഎം ദയനീയമായി തകര്‍ന്നടിഞ്ഞു. ത്രിപുരയുടെ കാര്യവും തഥൈവ. ഇരു സംസ്ഥാനങ്ങളിലും പതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി ഭരിച്ച പാര്‍ട്ടിക്കാണ് ഈ ദുരവസ്ഥ വന്നുചേര്‍ന്നിരിക്കുന്നത്. 

ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന കേരളത്തില്‍ നിന്നുപോലും ഇടതുപക്ഷത്തിന് ആകെ ഒരു സീറ്റ് മാത്രമാണ് നേടിയെടുക്കാനായത്. ലോക്‌സഭയുടെ ചരിത്രത്തില്‍ ഏറ്റവും ശോഷിച്ച ഇടതിപക്ഷത്തിനെയാണ് ഇത്തവണ കാണാന്‍ സാധിക്കുക. 17-ാം ലോക്‌സഭയില്‍ ഇടത് സാന്നിധ്യം വെറും അഞ്ചുസീറ്റിലേക്ക് ഒതുങ്ങി. 

തമിഴ്‌നാടാണ് ഇടതുപക്ഷത്തിന് കൂടുതല്‍ സീറ്റ് നല്‍കിയ സംസ്ഥാനം. നാല് സീറ്റ്. സിപിഎമ്മിനും സിപിഐയ്ക്കും രണ്ട് സീറ്റുകള്‍ വീതം. ആരെയാണോ അടുത്തകാലം വരെ എതിര്‍ത്തിരുന്നത് അതേ കോണ്‍ഗ്രസിന്റെ കാരുണ്യത്തിലാണ് തമിഴ്‌നാട്ടില്‍ ചെങ്കൊടി പാറിയതെന്നതാണ് വിരോധാഭാസം. ഇതേ കോണ്‍ഗ്രസിനെ എതിര്‍ത്ത് നിന്നാണ് കേരളത്തില്‍ വെറും ഒരു ലോക്‌സഭാ സീറ്റിലേക്ക് ഇടതു പക്ഷം ചുരുങ്ങിപ്പോയത്. 

ഇടതിന് ഇത്തവണ ചൂണ്ടിക്കാണിക്കാനുള്ളത് നഷ്ടങ്ങളുടെ കണക്ക് മാത്രം. തമിഴ്‌നാട്ടില്‍ ലഭിച്ച സീറ്റുകള്‍ പക്ഷെ ഇടതിന് സ്വന്തമെന്ന് പറയാനാകില്ല. അത് യുപിഎയുടെ കണക്കില്‍ മാത്രമേ കുറിക്കാനാകു. അങ്ങനെ നോക്കിയാല്‍ വെറും ഒരു സീറ്റ് മാത്രമാണ് ഇത്തവണ ഇടതുപക്ഷം പോരാടി നേടിയതെന്ന് പറയാം. 

2014 ല്‍ ഒമ്പത് സീറ്റ് നേടിയതാണ് ഇതുവരെ സിപിഎമ്മിന്റെ ഏറ്റവും കുറഞ്ഞ സീറ്റ് നില. ആകെ 12 സീറ്റാണ് ഇടതുപക്ഷത്തിന് 2014ല്‍ ലഭിച്ചത്. ഇടതുപക്ഷത്തിന്റെ ചരിത്രത്തിലേതന്നെ വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചത് 2004 ല്‍ ആയിരുന്നു. വാജ്‌പേയി സര്‍ക്കാര്‍ കാലാവധി കഴിഞ്ഞതിന് ശേഷം വന്ന തിരഞ്ഞെടുപ്പില്‍ സിപിഎം ഉള്‍പ്പെടെ ഇടതു കക്ഷികള്‍ക്കെല്ലാം കൂടി 59 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഒന്നാം യുപിഎ സര്‍ക്കാരിനെ പുറമെ നിന്ന് പിന്തുണച്ച് ഭരണത്തിന്റെ പിന്നില്‍ അണിനിരന്ന ഇടത് പക്ഷത്തിന് പിന്നീട് വളര്‍ച്ച കീഴ്‌പ്പോട്ടായിരുന്നുവെന്ന് മാത്രം. 1991ല്‍ 57, 1989ല്‍ 54, 1971ല്‍ 53, 1996ല്‍ 52  എന്നിങ്ങനെയാണ് ഇടതുപക്ഷം കരുത്തുകാട്ടിയ മുന്‍ തിരഞ്ഞെടുപ്പുകള്‍.

17-ാം ലോക്‌സഭയിലെ തിരഞ്ഞെടുപ്പില്‍ ആകെ പ്രതീക്ഷ കേരളത്തില്‍ നിന്ന് മാത്രമായിരുന്നു. കരുത്തരായ സ്ഥാനാര്‍ഥികളും ഉറച്ച കോട്ടകളും പക്ഷെ ഇത്തവണ തകര്‍ന്നടിഞ്ഞു. ഇവയൊക്കെ എന്ത് താത്വികാവലോകനത്തിന്റെ പിന്‍ബലത്തില്‍ അണികളോട് വിശദീകരിക്കുമെന്നതാണ് സിപിഎമ്മിന്റെ മുന്നിലുള്ള പ്രതിസന്ധി. കേരളത്തില്‍ യുഡിഎഫ് തരംഗത്തിന് കാരണമായത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നയങ്ങളാണെന്ന വിമര്‍ശനത്തെ പ്രതിരോധിക്കുന്നതില്‍ നേതൃത്വം കൂടുതല്‍ വിയര്‍ക്കേണ്ടി വരും.

Content High;lights: 2019 Loksabha Election LDF representation in Loksabha