ന്യൂഡല്‍ഹി:  അധികാര തുടര്‍ച്ച നല്‍കുന്ന ത്രസിപ്പിക്കുന്ന വിജയവുമായാണ് എന്‍ഡിഎ നില്‍ക്കുന്നത്. ഒറ്റയ്ക്ക് തന്നെ ഭരിക്കാന്‍ സാധിക്കുന്ന തരത്തില്‍ കേവല ഭൂരിപക്ഷം മറികടന്ന ലീഡാണ് ബിജെപിക്ക്.എന്നാൽ ഹിന്ദി ഹൃദയഭൂമി ബിജെപിക്ക് ഒപ്പം നില്‍ക്കുമ്പോഴും ബിജെപിയെ അകറ്റിനിര്‍ത്തുകയാണ് ദക്ഷിണേന്ത്യ. കര്‍ണാടകയും തെലങ്കാനയും ഒഴിച്ച് നിര്‍ത്തിയാല്‍ ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് കാര്യമായി കടന്നുകയറാന്‍ സാധിച്ചിട്ടില്ല. 

2008 ല്‍ കര്‍ണാടകയില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ബിജെപിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള കവാടം എന്ന് സംസ്ഥാനത്തെ ബിജെപി വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ആന്ധ്രയും തുടര്‍ന്ന് തെലങ്കാനയിലും പിന്നീട് തമിഴ്‌നാട്ടിലും ചെറിയ തോതില്‍ സാന്നിധ്യം അറിയിക്കാന്‍ ബിജെപിക്ക് 2014 ലെ തിരഞ്ഞെടുപ്പില്‍ സാധിച്ചു. ഇത്തവണയും കര്‍ണാടകയ്ക്ക് അപ്പുറത്തേക്ക് സാന്നിധ്യം വളര്‍ത്താന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല.

കര്‍ണാടകയില്‍ വളരെ നേരത്തെ തന്നെ ബിജെപി അനുകൂലമായ നിലമൊരുക്കിയെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ അത്രത്തോളം സാന്നിധ്യം ബിജെപിക്ക് വളര്‍ത്താന്‍ സാധിച്ചിട്ടില്ല. കര്‍ണാടകയ്ക്ക് പുറമെ ദക്ഷിണേന്ത്യയില്‍ നിന്ന് ബിജെപിക്ക് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ചത് തെലങ്കാനയില്‍ നിന്നാണ്. രണ്ട് സീറ്റുകള്‍. ആന്ധ്രാപ്രദേശ്, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഇത്തവണ ബിജെപിക്ക് സാന്നിധ്യമറിയിക്കാനായിട്ടില്ല. 

ആന്ധ്രയിലും തമിഴ്‌നാട്ടിലും നിന്ന് ഇത്തവണ ബിജെപിക്ക് കൂടുതല്‍ അംഗങ്ങള്‍ ലോക്‌സഭയിലേക്കുണ്ടാകുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍ പ്രദേശിക കക്ഷികള്‍ ശക്തമായിരിക്കുന്നതാണ് ആന്ധ്രയിലും തമിഴ്‌നാട്ടിലും ബിജെപിക്ക് ചലനമുണ്ടാക്കാന്‍ സാധിക്കാത്തതിന് കാരണം. മാത്രമല്ല കേരളമടക്കം ബിജെപിയെ ഇപ്പോഴും സംശയത്തോടെ തന്നെയാണ് സമീപിക്കുന്നത്. 

ബിജെപിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ തയ്യാറായിട്ടുമില്ല. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലവും ഇതിന്റെ സൂചനയാണ്. ദക്ഷിണേന്ത്യയിലേക്ക് കടന്നുകയറാന്‍ ഉത്തരേന്ത്യന്‍ തന്ത്രങ്ങള്‍ ബിജെപിയെ സഹായിച്ചേക്കില്ല. ഇതിന് പുതിയ എന്ത് ഫോര്‍മുലയാണ് അമിത് ഷായുടെയും സംഘപരിവാറിന്റെയും ബുദ്ധിയില്‍ തെളിയുക എന്നതാണ് കാത്തിരുന്നു കാണേണ്ടത്. 

Content Highlights: 2019 Loksabha Election, BJP and South India