അശോക് നഗര്‍: മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു തിരഞ്ഞെടുപ്പ് റാലി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഒരിക്കലും മറക്കാനിടയില്ല. മധ്യപ്രദേശിലെ അശോക് നഗറില്‍ നടന്ന റാലിക്കിടെ രാഹുല്‍ ഗാന്ധി നിങ്ങളുടെ കാര്‍ഷിക വായ്പ എഴുതി തള്ളിയോ എന്ന് ചോദിച്ച സ്മൃതിക്ക് ജനക്കൂട്ടം ഒരുമിച്ച് തള്ളി എന്ന മറുപടിയാണ് നല്‍കിയത്. 

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ഷകരുടെ വായ്പ എഴുതി തള്ളുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഈ വാഗ്ദാനം രാഹുല്‍ നിറവേറ്റിയോ എന്നായിരുന്നു റാലിക്കിടെ സ്മൃതിയുടെ ചോദ്യം. അതെ, വായ്പ എഴുതി തള്ളിയെന്ന് ജനക്കൂട്ടം ആവര്‍ത്തിച്ച് മറുപടി പറഞ്ഞതോടെ പ്രസംഗം ഒരുവേള നിര്‍ത്തി സ്തബ്ധയായി നില്‍ക്കേണ്ടി വന്നു മന്ത്രിക്ക്. സംഭവത്തിന്റെ വീഡിയോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. 

കര്‍ഷകരുടെ വായ്പ എഴുതി തള്ളിയിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവ് രാജ്‌സിങ് ചൗഹാന്‍ രണ്ടു ദിവസം മുമ്പ് പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെ വായ്പ എഴുതി തള്ളിയവരുടെ വിവരങ്ങളും രേഖകളും സഹിതം കോണ്‍ഗ്രസ് നേതാക്കള്‍ ശിവരാജ് സിങ് ചൗഹാന്റെ വീട്ടിലെത്തിയിരുന്നു. വായ്പ തള്ളിയവരുടെ പട്ടികയില്‍ ചൗഹാന്റെ സഹോദരന്റേയും ബന്ധുവിന്റെയുമടക്കം പേരുണ്ടെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു.

Content Highlights: Irani asked the people if Rahul Gandhi had actually fulfilled his promise and waived off loans. The crowd cheered and shouted: 'yes, the loans were waived off'.