ന്യൂഡല്‍ഹി:  2014 ലെ ചായ് പെ ചര്‍ച്ചകളുടെ ചുവട് പിടിച്ച് മേം ഭി ചൗകീദാര്‍ ( ഞാനും കാവല്‍കാരന്‍) പ്രചാരണവുമായി ബിജെപി. ചായ് പെ ചര്‍ച്ചയിലെ പോലെ ഈ പ്രചാരണ തന്ത്രത്തിലും മോദി തന്നെയാണ് മുഖ്യകേന്ദ്രം. മാര്‍ച്ച് 31 രാജ്യത്തെമ്പാടുമുള്ള 500 കേന്ദ്രങ്ങളില്‍ ചൗകീദാര്‍ പ്രചാരണത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്കൊരുങ്ങുകയാണ് ബിജെപി. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. മേം ഭി ചൗകീദാര്‍ പ്രചാരണത്തിന് പിന്തുണ നല്‍കുന്ന പ്രതിജ്ഞയും അന്നേദിവസം എത്തിച്ചേരുന്നവര്‍ നടത്തും. 

ഡോക്ടര്‍മാര്‍, നിയമജ്ഞര്‍, എന്‍ജിനീയര്‍മാര്‍, അധ്യാപകര്‍, ബാങ്കുദ്യോഗസ്ഥര്‍, ഐടി പ്രൊഫഷണല്‍സ് തുടങ്ങിയ നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാര്‍ച്ച് 31 ലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിട്ടുണ്ട്. അന്നേദിവസം ഒരേസമയം എല്ലാ കേന്ദ്രങ്ങളിലേയും ആളുകളുമായി മോദി വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ സംവദിക്കും.

ചൗകീദാര്‍ കള്ളനാണ് എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇത് മറികടക്കാനാണ് പുതിയ നീക്കവുമായി ബിജെപിയുടെ പ്രചാരണ സംഘം രംഗത്തിറങ്ങിയിരിക്കുന്നത്. 2014 ലെ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന മണിശങ്കര്‍ അയ്യറിന്റെ ചായക്കടക്കാരന്‍ പരാമര്‍ശമാണ് ബിജെപി ചായ് പെ ചര്‍ച്ചയാക്കി മാറ്റിയത്. ഇത് വലിയൊരു വിഭാഗം ജനങ്ങളിലേക്ക് നേരിട്ട് മോദിക്ക് സംവദിക്കാനുള്ള തിരഞ്ഞെടുപ്പ് തന്ത്രമാക്കി മാറ്റാന്‍ ബിജെപിക്ക് സാധിച്ചു. 

ഇതിനെ അനുസ്മരിപ്പിക്കുന്ന നീക്കമാണ് ഞാനും കാവല്‍ക്കാരന്‍ പ്രചാരണം. പ്രചാരണത്തിന് കരുത്തുപകരാന്‍ കോളര്‍ ട്യൂണ്‍, ടീഷര്‍ട്ട് തുടങ്ങിയവയും ബിജെപി പ്രചാരണത്തിന്റെ ഭാഗമായി ഇറക്കിയിട്ടുണ്ട്. ഇതിന് പുറമെ മോദിയും കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും പേരിനുമുമ്പ് കാവല്‍ക്കാരന്‍ എന്നര്‍ഥം വരുന്ന ചൗകീദാര്‍ എന്ന പദം ചേര്‍ത്തിരിക്കുകയാണ്.

Content Highlights: #MainBhiChowkidar merchandise on March 31