പട്‌ന: വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു തവണ കൂടി തന്നെ അധികാരത്തിലേറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറില്‍ എന്‍ഡിഎ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ജോലികളും പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടുന്നില്ല. 70 വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് അങ്ങനെ പറയാന്‍ സാധിക്കാത്തപ്പോള്‍ വെറും അഞ്ച് വര്‍ഷം ഭരിച്ച എനിക്ക് എങ്ങനെ അത് സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു.

ഒരുപാട് കാര്യങ്ങള്‍ ചെയ്തു, ഇനിയും ഒരുപാട് ചെയ്യാനുണ്ട്. നിരന്തര ശ്രമങ്ങള്‍ ആവശ്യമാണ്. അതിന് നിങ്ങളുടെ അനുഗ്രഹം വേണമെന്നും മോദി പറഞ്ഞു. മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ഭീകരവാദവും ആക്രമണവും കള്ളപ്പണവും അഴിമതിയും വര്‍ധിച്ചു. വിലക്കയറ്റമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

ഭരണഘടനാ ശില്‍പിയായ ബി.ആര്‍. അംബേദ്കറെ പരാജയപ്പെടുത്തുകയാണ് നെഹ്‌റു കുടുംബം എല്ലായ്‌പ്പോഴും ചെയ്തത്. പൊതുജനങ്ങളുടെ മനസ്സില്‍ നിന്ന് അദ്ദേഹത്തിന്റെ സ്മരണ നഷ്ടപ്പെടുത്തുന്നതിന് ഗൂഢാലോചന നടത്തി. അംബേദ്കറെ മറന്നുകൊണ്ട് സ്വന്തം കുടുംബക്കാര്‍ക്ക് ഭാരതരത്‌ന നല്‍കിയവരാണ് കോണ്‍ഗ്രസുകാരെന്നും പ്രധാനമന്ത്രി ആരോപിച്ചു.

അതിനിടെ, പ്രധാനമന്ത്രി പങ്കെടുക്കുന്ന ഗയയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. റാലിക്കെത്തിയവര്‍ക്ക് വേണ്ട സൗകര്യം ഒരുക്കിയില്ലെന്നാരോപിച്ചുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവര്‍ത്തര്‍ കസേരകളെടുത്ത് എറിയുകയും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പരിപാടിയുടെ നിയന്ത്രണം ഏറ്റെടുത്തതായി പോലീസ് അറിയിച്ചു. പ്രധാനമന്ത്രി വേദിയില്‍ എത്തുന്നതിന് മുമ്പാണ് സംഘര്‍ഷമുണ്ടായത്. ബിഹാറിലെ തന്നെ മറ്റൊരു തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഈ സമയത്ത് അദ്ദേഹം.

Content Highlights: "Congress Couldn't Finish Work In 70 Years, How Can I In 5?": PM In Bihar