കല്‍പ്പറ്റ: വയനാടിനെ മാതൃകാ മണ്ഡലമാക്കി മാറ്റുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി. ദേശീയ രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ പുറത്തുകൊണ്ടുവരാനുള്ള നിമിത്തമാവും ഇക്കുറി വയനാട് ലോക്സഭാ മണ്ഡലം. പാരമ്പര്യത്തിന്റെ മഹിമ പാടുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ആദര്‍ശരാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരായി നടിക്കുന്ന ഇടതുപാര്‍ട്ടികളുടെയും പൊയ്മുഖം ഇവിടെ അഴിഞ്ഞു വീണു കഴിഞ്ഞുവെന്നും തുഷാര്‍ പറഞ്ഞു. 

അതിര്‍ത്തിക്കപ്പുറത്ത് ഒരേ മുന്നണിക്കാരായി വോട്ടു ചോദിക്കുന്നവര്‍ വയനാട്ടില്‍ പരസ്പരം ഏറ്റുമുട്ടുന്നതിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്. ഈ രാഷ്ട്രീയ പൊള്ളത്തരം തന്നെയാണ് ജനങ്ങളുടെ മുന്നില്‍ ഉന്നയിക്കുന്നതെന്നും തുഷാര്‍ പറഞ്ഞു. വയനാട്ടിലെ വോട്ടര്‍മാര്‍ ഈ കപടവേഷക്കാരെ ഇനിയെങ്കിലും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം. ദീര്‍ഘവീക്ഷണത്തോടെയുള്ള വികസന പദ്ധതികള്‍ ഒന്നുപോലും വയനാട്ടില്‍ ഉണ്ടായിട്ടില്ലെന്ന് തുഷാര്‍ ചൂണ്ടിക്കാണിച്ചു. 

പൊന്നുവിളയിച്ചിരുന്ന വയനാടന്‍ കൃഷിഭൂമികള്‍ ഇന്ന് കര്‍ഷകരുടെ ശവപ്പറമ്പാണ്. ആദിവാസി ക്ഷേമപദ്ധതികള്‍ ശതകോടികള്‍ കൊള്ളയടിക്കാനുള്ള മാര്‍ഗങ്ങള്‍ മാത്രമായി മാറി. രാത്രിയാത്രാ നിരോധനം നീക്കല്‍, വയനാട് ചുരം റോഡിന് ബദല്‍ റോഡ്, രണ്ട് തവണ തറക്കല്ലിട്ടിട്ടും നടക്കാതെ പോയ വയനാട് മെഡിക്കല്‍ കോളേജ് സഫലമാക്കല്‍, കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ്, വന്യജീവി അക്രമം ഒഴിവാക്കാനുള്ള നടപടികള്‍, കൃഷിക്കും കുടിവെള്ളത്തിനും ഉപകരിക്കുന്ന ചാലിയാര്‍ നദീതട പദ്ധതി,  നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍പാത, നിലമ്പൂരില്‍ ലോകോത്തരമായ മരവ്യവസായ ഹബ്, പാവപ്പെട്ടവര്‍ക്ക്തൊഴില്‍ദാന പദ്ധതി തുടങ്ങിയ കാര്യങ്ങള്‍ക്കാണ് തിരഞ്ഞെടുക്കപ്പെട്ടാല്‍ മുന്‍തൂക്കം നല്‍കുക. നൂറ്റാണ്ട് പഴക്കമുള്ള വയനാട് റെയില്‍പാത എന്ന പദ്ധതി സഫലമാക്കാനാകുള്ള പ്രയത്നം ഉണ്ടാകുമെന്നും തുഷാര്‍ വ്യക്തമാക്കി. 

മോദി സര്‍ക്കാരിന്റെ ജില്ലാ ആസ്പിരേഷണല്‍ പദ്ധതിക്കായി രാജ്യത്ത് തിരഞ്ഞെടുത്ത 115 പിന്നാക്ക ജില്ലകളിലൊന്ന് വയനാടായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യം, ദാരിദ്ര്യലഘൂകരണം തുടങ്ങിയ മേഖലകളില്‍ സമഗ്ര വികസനത്തിന് പരിധിയില്ലാത്ത സാമ്പത്തികസഹായം നല്‍കുന്ന ഈ പദ്ധതി വയനാടിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകേണ്ടതായിരുന്നു. എന്നാല്‍ കേവല രാഷ്ട്രീയത്തിന്റെ പേരില്‍ ഈ പദ്ധതിയില്‍ താത്പര്യമില്ലെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ച് കേരള സര്‍ക്കാര്‍ ഇത് നഷ്ടപ്പെടുത്തിയെന്നും തുഷാര്‍ ആരോപിച്ചു. 

സമഗ്രവികസനവും സംശുദ്ധമായ രാഷ്ട്രീയവുമാണ് എന്‍ഡിഎ മുന്നോട്ടുവയ്ക്കുന്നത്. ജനങ്ങളോട് ചേര്‍ന്നുനിന്ന് ഇന്ത്യയ്ക്ക് തന്നെ മാതൃകയാക്കാവുന്ന ഒരു മണ്ഡലമായി വയനാടിനെ മാറ്റുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Will make Wayanad a model constituency, says Thushar Vellappally