ത്തരകേരളത്തില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റു കൂടിയായ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഏഴ് നിയമസഭാസഭാ മണ്ഡലങ്ങളാണുള്ളത്. വയനാട് ജില്ലയിലെ കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി മണ്ഡലങ്ങളും മലപ്പുറം ജില്ലയിലെ വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയും വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു. 

മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏഴില്‍ നാലുപേര്‍ എല്‍.ഡി.എഫ് എം.എല്‍.എമാരും മൂന്ന് പേര്‍ യു.ഡി.എഫ് എം.എല്‍.എമാരുമാണ്. എല്‍.ഡി.എഫ് ഭരിക്കുന്ന കല്‍പ്പറ്റയിലും മാനന്തവാടിയിലും തിരുവമ്പാടിയിലും നിലമ്പൂരും യഥാക്രമം ഒ.ആര്‍ കേളു, സി.കെ ശശീന്ദ്രന്‍, ജോര്‍ജ് എം തോമസ്, പി.വി അന്‍വര്‍ എന്നിവരാണ് എം.എല്‍.എമാര്‍.

ബത്തേരി, വണ്ടൂര്‍ എന്നിവിടങ്ങളില്‍ യഥാക്രമം കോണ്‍ഗ്രസിന്റെ ഐ.സി ബാലകൃഷ്ണന്‍, എ.പി അനില്‍കുമാര്‍ എന്നിവരാണ് എം.എല്‍.എമാര്‍. മുസ്ലിംലീഗിന്റെ കോട്ട എന്ന് പൊതുവേ വിശേഷിപ്പിക്കുന്ന ഏറനാട് പി.കെ ബഷീറാണ് എം.എല്‍.എ. 

നിയമസഭയിലേക്ക് ഭൂരിപക്ഷമായി എല്‍.ഡി. എഫിനെ കാണാമെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ലീഗിനും മുന്നേറ്റം നടത്താനാവുന്ന മണ്ഡലമാണ് വയനാട്. കഴിഞ്ഞ രണ്ട് തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന എം. ഐ ഷാനവാസിനായിരുന്നു മണ്ഡലത്തില്‍ വിജയം കൈവരിക്കാനായത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ മലയോര മേഖലയില്‍നിന്നും കൂടുതല്‍ വോട്ടുകള്‍ കോണ്‍ഗ്രസ് നേടാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി ടി. സിദ്ദീഖിന്റേയും ഷാനിമോള്‍ ഉസ്മാന്റേയും പേരുകള്‍ ഉയരുന്നതായി വാര്‍ത്തകളുണ്ട്. കൂടാതെ ഷാനവാസിന്റെ മകള്‍ അമിന വരുമെന്ന വാര്‍ത്തയും വരുന്നുണ്ട്. എന്നാല്‍ ഈ നീക്കം കടന്നകൈയാകുമെന്ന് വിലയിരുത്തപ്പെടുന്നു. 

പരിചയ സമ്പന്നനായ സത്യന്‍ മൊകേരിയായിരുന്നു 2014-ല്‍ വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. വോട്ടുനില മെച്ചപ്പെടുത്താനായെങ്കിലും ജനവിധി ഷാനവാസിനൊപ്പമായിരുന്നു. പുതിയ സ്ഥാനാര്‍ഥി ആരാവണമെന്ന ചര്‍ച്ച പുരോഗമിക്കുന്നു. എല്‍.ഡി.എഫ് വലിയ പ്രതീക്ഷ വെയ്ക്കാത്ത വയനാട് മണ്ഡലത്തില്‍ ബി.ജെ.പിക്ക് യാതൊരു സാധ്യതയും കല്‍പ്പിക്കപ്പെടുന്നില്ല. ബി.ജെ.പി ഉയര്‍ത്തിയ അയ്യപ്പവികാരമൊന്നും തീരെ ഏശാത്ത മണ്ഡലമാണ് വയനാടെന്നതും ശ്രദ്ധേയമാണ്.

Content Highlights: General Election 2019, The Great Indian War, Lok Sabha Election 2019