മണ്ഡലം നിലവിൽവന്ന 2009-ൽ എം.ഐ. ഷാനവാസിന് 1,53,439 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷം നൽകിയാണ് വയനാട് കേരളത്തെ അമ്പരപ്പിച്ചത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ യു.ഡി.എഫ്. ശക്തികേന്ദ്രങ്ങൾ കോർത്തുണ്ടാക്കിയ മണ്ഡലത്തിന് അതോടെ അവരുടെ ഉറച്ചകോട്ടയെന്ന വിശേഷണം അടിവരയായി.
എന്നാൽ, അതിലേറെ അമ്പരപ്പാണ് 2014-ലെ ഫലം സമ്മാനിച്ചത്. ഷാനവാസിന്റെ ഭൂരിപക്ഷം 20,870 വോട്ടായി കുത്തനെ കുറഞ്ഞു. പക്ഷേ, ഇപ്പോഴും കോൺഗ്രസ് ഉറച്ചസീറ്റുകളിലൊന്നായാണ് വയനാടിനെ എണ്ണുന്നത്. സംസ്ഥാന കോൺഗ്രസിൽ ഭൈമീകാമുകൻമാരേറെയുള്ളതും വയനാട് സീറ്റിനുവേണ്ടിയാണ്.
2014 ലോക്സഭാ തിരഞ്ഞെടുപ്പിനു സമാനമായി 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പല നിയമസഭാമണ്ഡലങ്ങളിലും സ്ഥിതിഗതികൾ മാറിമറിഞ്ഞു. 2014-ൽ വയനാട്ടിൽ കല്പറ്റയിൽ മാത്രമാണ് യു.ഡി.എഫിന് ലീഡുനേടാനായത്. 1880 വോട്ട്. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ 13,083 വോട്ടിന് എൽ.ഡി.എഫ്. മണ്ഡലം പിടിച്ചു. ബത്തേരിയിൽ എൽ.ഡി.എഫിന്റെ മേൽക്കൈ യു.ഡി.എഫും മറികടന്നു. എൽ.ഡി.എഫ്. 8983 വോട്ടിന്റെ ലീഡ് നേടിയ മണ്ഡലം 11,198 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ്. നിലനിർത്തിയത്.
കോഴിക്കോട്ടുള്ള തിരുവമ്പാടി ഷാനവാസിന് 2385 വോട്ടിന്റെ ലീഡ് നൽകിയപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ 3008 വോട്ട് എൽ.ഡി.എഫ്. അധികം നേടി. മലപ്പുറത്തെ നിലമ്പൂരിൽ 3266 വോട്ടിന്റെ ലീഡ് മറികടന്ന് 11,504 വോട്ടിന്റെ മേൽക്കൈ എൽ.ഡി.എഫ്. നേടി.
മാനന്തവാടി രണ്ടു തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫിനൊപ്പവും ഏറനാടും വണ്ടൂരും യു.ഡി.എഫിനൊപ്പവും നിന്നു. 2014-ൽ രണ്ടു മണ്ഡലങ്ങളിൽ മേൽക്കൈ നേടിയ എൽ.ഡി.എഫിന് നിയമസഭാ തിരഞ്ഞെടുപ്പിൽ നാലു സീറ്റ് നേടാനായി. അഞ്ചു സീറ്റിൽ മേൽക്കൈയുണ്ടായിരുന്ന യു.ഡി.എഫ്. മൂന്നിടത്തൊതുങ്ങി. രണ്ടാംവട്ടം ഷാനവാസിന്റെ വിജയമുറപ്പിച്ച മലപ്പുറം ജില്ലയിലെ മണ്ഡലങ്ങൾ തന്നെയാവും ഇക്കുറിയും നിർണായകമാവുക. സോഷ്യലിസ്റ്റ് ജനത ലോക്താന്ത്രിക് ജനതാദൾ ആയി എൽ.ഡി.എഫിലെത്തിയത് അവർക്ക് ഗുണമാവും.
അടുത്തിടെ അന്തരിച്ച ഷാനവാസിനു പകരം കോൺഗ്രസിൽനിന്ന് ആരു മത്സരിക്കാനെത്തുമെന്നതാണ് ആകാംക്ഷയേറ്റുന്നത്. അദ്ദേഹത്തിന്റെ മകൾ അമിന ഷാനവാസ്, ഷാനിമോൾ ഉസ്മാൻ, എം.എം. ഹസൻ എന്നിവരുൾപ്പെടെ പത്തിലധികം പേർ രംഗത്തുണ്ട്.
സി.പി.ഐ. സംസ്ഥാന നിർവാഹകസമിതി അംഗവും എൽ.ഡി.എഫ്. ജില്ലാ കൺവീനറുമായ പി.പി. സുനീറിനെ സ്ഥാനാർഥിയായി തീരുമാനിച്ച് എൽ.ഡി.എഫ്. പ്രവർത്തനങ്ങൾ തുടങ്ങി. എൻ.ഡി. എ.യിൽനിന്ന് ബി.ഡി.ജെ.എസിനാവും സീറ്റ് എന്നാണ് പ്രതീക്ഷിക്കുന്നത്.
content highlights: wayanad loksabha constituency analysis