കല്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരം കോൺഗ്രസും ബി.ജെ.പി.യും തമ്മിലാണെന്നും അതിനാൽത്തന്നെ എൽ.ഡി.എഫിന് ചെയ്ത് ജനം വോട്ട് പാഴാക്കില്ലെന്നും യു.ഡി.എഫ്. സ്ഥാനാർഥി ടി. സിദ്ദിഖ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കുകയാണ് ഈ തിരഞ്ഞെടുപ്പിൽ രാജ്യത്തെ ജനങ്ങൾ ലക്ഷ്യമാക്കുന്നത്. അതിന് കോൺഗ്രസിനേ കഴിയൂ. ദേശീയതലത്തിൽ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ഒരു റോളുമില്ല. ഇക്കാര്യം വിലയിരുത്തിയേ ജനം ഇക്കുറി വോട്ടവകാശം വിനിയോഗിക്കുകയുള്ളൂവെന്നും സിദ്ദിഖ് പറഞ്ഞു. വയനാട്ടിൽ പ്രചാരണത്തിന് തുടക്കം കുറിച്ച അദ്ദേഹം കല്പറ്റയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

യു.ഡി.എഫിന് വോട്ട് നൽകിയാൽ അത് പാഴായിേപ്പാകില്ല. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടും. മെഡിക്കൽ കോളജ്, ചുരം ബദൽപാത, വന്യമൃഗശല്യം, റെയിൽപാത, പട്ടികവിഭാഗങ്ങളുടെ ഉന്നമനം തുടങ്ങിയ വിഷയങ്ങൾക്ക് പ്രാധാന്യം നൽകും.

പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർപി.എഫ്. ഭടൻ വസന്തകുമാറിന്റെ തൃക്കൈപ്പറ്റ മുക്കംകുന്നിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് സിദ്ദിഖ്‌ വയനാട് ജില്ലയിലെ പ്രചാരണപരിപാടികൾക്ക് തുടക്കം കുറിച്ചത്. ജില്ലയുടെ വിവിധഭാഗങ്ങളിൽ എത്തിയ അദ്ദേഹം പ്രമുഖവ്യക്തികളെ കണ്ട് പിന്തുണതേടി. വൈകീട്ട് കല്പറ്റയിൽ നടന്ന ആവേശകരമായ റോഡ്ഷോയ്കും അദ്ദേഹം നേതൃത്വം നൽകി.

വ്യാപാരി നേതാക്കളുമായി കൂടിക്കാഴ്ച

സുൽത്താൻബത്തേരി: യു.ഡി.എഫ്. സ്ഥാനാർഥി ടി. സിദ്ദിഖ് ബത്തേരിയിലെ വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച വൈകിട്ട് ബത്തേരി വ്യാപാരഭവനിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് സിദ്ദിഖ് പങ്കെടുത്തത്. രാത്രിയാത്രാനിരോധനം, നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ, വന്യമൃഗശല്യം, ചുരം ബദൽ റോഡ് തുടങ്ങിയ വയനാടിന്റെ പ്രശ്‌നങ്ങൾ വ്യാപാരി നേതാക്കൾ യോഗത്തിൽ ഉന്നയിച്ചു. ഈ പ്രശ്‌നങ്ങളെ അതീവഗൗരവത്തോടെ കാണുമെന്നും വിജയിച്ചാൽ ഇവ നടപ്പാക്കുന്നതിനായി പരിശ്രമിക്കുമെന്നും സിദ്ദിഖ് മറുപടി നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ അബ്ദുൾ ഖാദർ ചിങ്കിളി, പി.വൈ. മത്തായി, വി.കെ. റഫീഖ്, അനിൽ കൊട്ടാരം, പി. സംഷാദ്, നൗഷാദ് മിന്നാരം, ഡി.സി.സി. പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ, പി.പി. ആലി, കെ.സി. റോസക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Wayanad Lok Sabha Election Campaign, T Siddique