PP Suneerകല്പറ്റ: ബി.ജെ.പി. സർക്കാരിനെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ ഇടതുസ്ഥാനാർഥികളുടെ വിജയം അനിവാര്യമെന്ന് എൽ.ഡി.എഫ്. വയനാട് ലോക്‌സഭാമണ്ഡലം സ്ഥാനാർഥി പി.പി. സുനീർ. വയനാട് പ്രസ് ക്ലബ്ബിന്റെ ‘മീറ്റ് ദ പ്രസ്സിൽ’ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ദേശീയ രാഷ്ടീയത്തിൽ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വർധിക്കേണ്ടതുണ്ട്. ആദ്യഘട്ട പ്രചാരണം പിന്നിട്ടപ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. സ്ഥാനാർഥികൾ.

ആദ്യ ബി.ജെ.പി. സർക്കാരിനെ പുറത്താക്കി അധികാരം തിരിച്ചുപിടിച്ചതിൽ ഇടത് എം.പി.മാർക്ക് വലിയ പങ്കുണ്ടായിരുന്നു. അന്ന് 62 ഇടത് എം.പി.മാർ പാർലമെന്റിലെത്തി. രണ്ടാം ബി.ജെ.പി. സർക്കാരിനെ താഴെയിറക്കാനും എൽ.ഡി.എഫിന്റെ വിജയം ഉറപ്പാക്കേണ്ടതുണ്ട്. കേരളത്തിൽ മതനിരപേക്ഷത നിലനിർത്താനും ഇടതുപക്ഷത്തിന്റെ സാന്നിധ്യം ഉറപ്പാക്കണം. സംസ്ഥാന സർക്കാരിന്റെ ഭരണത്തുടർച്ചയിലേക്കും ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വഴിതെളിയും.

കക്ഷിരാഷ്ട്രീയത്തിനതീതമായി ജില്ലയിലെ ജനങ്ങൾക്കിടയിൽ പൊതുവികാരം വളർന്നിട്ടുണ്ട്. അദൃശ്യനായ എം.പി.യാണ് വയനാട്ടിൽ ഇതുവരെ ഉണ്ടായിരുന്നത്. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുകയല്ല. ജനപ്രതിനിധി തെറ്റായവഴിയാണ് പോകുന്നതെങ്കിൽ തിരുത്താൻ പാർട്ടിക്ക് അധികാരമുണ്ട്. എന്നാൽ യു.ഡി.എഫ്. നേതൃത്വം വീഴ്ചകളെ തിരുത്താൻ തയ്യാറായില്ല.

വയനാടിനെക്കുറിച്ച് കോൺഗ്രസ് വക്താക്കളുടെ അഭിപ്രായങ്ങൾ ജനങ്ങൾ കേട്ടതാണ്. പിന്തള്ളപ്പെട്ട പ്രദേശമായാണ് വയനാടിനെ കാണുന്നതെന്ന് ഒരാൾ പറഞ്ഞപ്പോൾ, ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും വിജയം ഉറപ്പാണെന്നാണ് മറ്റൊരാൾ പറഞ്ഞത്. വോട്ടർമാർ തിരഞ്ഞെടുപ്പിൽ ഇതിനെല്ലാം മറുപടി കൊടുക്കും.

2014-ലെ തിരഞ്ഞെടുപ്പ് സാഹചര്യത്തിൽനിന്ന്‌ വ്യത്യസ്തമാണ് ഇപ്പോഴത്തേത്. അന്ന് ഏഴ് മണ്ഡലങ്ങളിലും യു.ഡി.എഫ്. എം.എൽ.എ.മാരാണ് ഉണ്ടായിരുന്നത്. അതിൽ മൂന്ന് മന്ത്രിമാരുമുണ്ട്. ഇന്ന് മണ്ഡലത്തിൽ നാല് എൽ.ഡി.എഫ്. എം.എൽ.എ.മാരുണ്ട്. അഞ്ചിൽ നാല് നഗരസഭകളും ഭരിക്കുന്നത് എൽ.ഡി.എഫാണ്. എൽ.ജെ.ഡി., ഐ.എൻ.എൽ. പോലുള്ള ഘടകകക്ഷികളുടെ വരവും ഗുണം ചെയ്തിട്ടുണ്ട്.

സ്ഥാനാർഥിയാകുന്ന ഘട്ടത്തിൽത്തന്നെ ജില്ലയിലെ കാർഷിക മേഖലയെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ രീതിയിൽ ഇടപെടുമെന്നും സുനീർ പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഒ. ഷീജ സ്വാഗതവും ജെയ്‌സൺ മണിയങ്ങാട് നന്ദിയും പറഞ്ഞു.

Content Highlights: Wayanad lok sabha election campaign, P P Suneer