കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍നിന്ന് മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ജനങ്ങളോടുള്ള വഞ്ചനയാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. സുനീര്‍. വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ ജനാധിപത്യ, മതേതര ശക്തികളെ നിരാശപ്പെടുത്തുകയാണ് രാഹുല്‍ ചെയ്യുന്നതെന്നും സുനീര്‍ 'മാതൃഭൂമി ഡോട്ട്‌കോമി'നോട് പ്രതികരിച്ചു.

വയനാട് രാഹുല്‍ ഗാന്ധിയുടെ വാട്ടര്‍ലൂ ആണെന്നും ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നും സുനീര്‍ പറഞ്ഞു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണ പരിപാടികള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തെ പ്രതീക്ഷിച്ചതാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി പൈലി വാത്യാട്ട് പ്രതികരിച്ചു. സ്ഥാനാര്‍ഥി മാറണമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തൃശ്ശൂരില്‍ ചേരുന്ന ബിഡിജെഎസ് നേതൃയോഗത്തില്‍ തീരുമാനിക്കുമെന്നും പൈലി വാത്യാട്ട് വ്യക്തമാക്കി.

നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. സംസ്ഥാന ഘടകം ഐക്യകണ്ഠേനെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ നേതൃത്വം വയനാട്ടിലെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുകയായിരുന്നുവെന്ന് എ.കെ. ആന്റണി പറഞ്ഞു. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത്.

Content Highlights: Wayanad is Waterloo for Rahul Gandhi, says LDF candidate PP Suneer, Lok Sabha Elections 2019, The Great Indian War 2019