കല്പറ്റ: ആളും ആരവങ്ങളും ഒഴിഞ്ഞ് അനിശ്ചിതത്വത്തിന്റെ മുഖഛായയുമായി നിന്ന ഡി.സി.സി. ഓഫീസ് ആരവങ്ങളിലേക്കുയർന്നത് നിമിഷങ്ങൾക്കുള്ളിലാണ്. രാഹുൽഗാന്ധി ചുരം കയറി വയനാട്ടിലേക്കെന്ന പ്രഖ്യാപനം വന്നതോടെ ഒരാഴ്ച നീണ്ടുനിന്ന നിർജീവാവസ്ഥ ആകെ മാറി, രാഹുൽ ഗാന്ധീ കീ ജയ് വിളികൾ മുഴങ്ങി. ഇനി രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് ചൂടിലേക്ക്.

സ്ഥാനാർഥിനിർണയം നീളുന്നതിനാൽ ഞായറാഴ്ച രാവിലെ ഡി.സി.സി. ഓഫീസിൽ ആളുണ്ടായിരുന്നില്ല. ഡി.സി.സി. പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണടക്കം 13 പേരാണ് രാവിലെ എ.ഐ.സി.സി.യുടെ പത്രസമ്മേളനം കാണാൻ ടി.വി.ക്ക്‌ മുമ്പിൽ ഉണ്ടായിരുന്നത്. മാധ്യമപ്രവർത്തകർ രാവിലെതന്നെ ഓഫീസിലെത്തിയിരുന്നു. പത്രസമ്മേളനത്തിൽ എ.കെ. ആന്റണിയേയും കെ.സി. വേണുഗോപാലിനെയും കണ്ടതോടെ പ്രവർത്തകരുടെ മുഖത്ത് പ്രതീക്ഷയായി. ഉടൻ എ.കെ. ആന്റണിയുടെ പ്രഖ്യാപനം. ‘സന്തോഷത്തോടെ ഒരു കാര്യം പറഞ്ഞോട്ടെ, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും’ - ഡി.സി.സി. ഓഫീസിലെ മുഖങ്ങളിലെല്ലാം അത്യുത്സാഹം, ആർപ്പുവിളി. ഇതിനിടെ ഓഫീസിൽ കരുതിയിരുന്ന മധുരം വിതരണം ചെയ്തു. നേരത്തേ മത്സരംഗത്തുനിന്ന് പിന്മാറിയ ടി. സിദ്ദിഖ് ഇതിനിടെ ഓഫീസിലെത്തി. മാധ്യമപ്രവർത്തകരോട് രണ്ടുവാക്ക്. ഇതിനിടെ കൂടുതൽ പ്രവർത്തകർ വാഹനങ്ങളിൽ ഡി.സി.സി.യിലേക്കെത്തി. പിന്നെ രാഹുൽഗാന്ധിക്ക് സ്വാഗതമാശംസിച്ച് പ്രകടനങ്ങളുമായി നിരത്തിലേക്ക്.

ആയിയേ രാഹുൽജീ, ആയിയേ..

രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് മുമ്പെ പ്രകടനുമായി കല്പറ്റ നിരത്തിലിറങ്ങിയത് എം.എസ്.എഫ്. പ്രവർത്തകർ. കൊടികളുമേന്തി രാഹുൽഗാന്ധിക്ക് ഹിന്ദിയിൽ സ്വാഗതമാശംസിച്ച് പ്രവർത്തകർ പ്രകടനം നടത്തി. രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമായതിനാൽ ഇനി ദേശീയ വിഷയങ്ങളും മണ്ഡലത്തിൽ ചർച്ചയാകുമെന്ന സൂചനയുമായി ചൗക്കിദാർ ചോർഹേ മുദ്രാവാക്യങ്ങളും എം.എസ്.എഫുകാർ വിളിച്ചു. ഇതിനിടെ രണ്ടുമൂന്ന്‌ സ്കൂട്ടറുകളിൽ കോൺഗ്രസ് കൊടിയുമേന്തി പ്രവർത്തകർ രാഹുലിന് ജയ് വിളിച്ച്‌ നിരത്തിലൂടെ പാഞ്ഞു. വൈകീട്ട് ആറു മണിയോടെ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. ഇനി വയനാട് രാജ്യം ശ്രദ്ധിക്കുന്ന തിരഞ്ഞെടുപ്പ് അങ്കത്തട്ടിലേക്ക്.

Content Highlights: Wayanad DCC Celebrated Rahul Gandhi's candidature, Lok Sabha Elections 2019