യനാട് മണ്ഡലത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന്റെ വിജയവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി. തുടര്‍ച്ചയായ മൂന്നാം തവണയും മണ്ഡലത്തിലെ ജനങ്ങള്‍ യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതി. 2014-ലെ തിരഞ്ഞെടുപ്പില്‍ 20870 ആയിരുന്ന ഭൂരിപക്ഷം ഇത്തവണ നാലുലക്ഷം കവിഞ്ഞു. മണ്ഡലത്തിലെ ഏഴ് ലക്ഷത്തില്‍പ്പരം വോട്ടുകളാണ് രാഹുലിന്റെ അക്കൗണ്ടില്‍ വീണത്.

മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി സുനീര്‍ രണ്ടാമതെത്തി. മുന്നണിക്ക് കഴിഞ്ഞ തവണ ലഭിച്ചതില്‍നിന്ന് ഒരുലക്ഷത്തോളം വോട്ടുകള്‍ കുറഞ്ഞു. ഏഴ് നിയമസഭാമണ്ഡലങ്ങളില്‍ ഒരിടത്തുപോലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായില്ല. കഴിഞ്ഞ തവണ എല്‍.ഡി.എഫ് ഭൂരിപക്ഷം നേടിയ മാനന്തവാടി, ബത്തേരി മണ്ഡലങ്ങളിലുള്‍പ്പടെ യു.ഡി.എഫിന്റെ വ്യക്തമായ മുന്നേറ്റമാണ് ഇത്തവണ ഉണ്ടായത്.

മൂന്നാമതെത്തിയ എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. വോട്ടിന്റെ എണ്ണത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച രശ്മില്‍കുമാറിന് നേടാനായതില്‍നിന്ന് ഇത്തവണയും വലിയ വ്യത്യാസമില്ല. ബത്തേരി മണ്ഡലത്തില്‍നിന്നാണ് മുന്നണിക്ക് കൂടുതല്‍ വോട്ട് നേടാനായത്. ലക്ഷത്തിലേറെ വോട്ടുകള്‍ നേടാമെന്ന എന്‍.ഡി.എയുടെ കണക്കുകൂട്ടലുകള്‍ ഇതോടെ അസ്ഥാനത്താകുകയും ചെയ്തു.

ആക്ഷേപങ്ങള്‍ക്ക് മറുപടിയായി ഇത്തവണ എല്ലാ നിയമസഭാ മണ്ഡലത്തിലും 50,000-ത്തിലേറെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് വിജയിച്ചുകയറിയത്. 2009-ല്‍ ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയ എം.ഐ ഷാനവാസിന്റെ 2014-ലെ പ്രകടനം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. ഷാനവാസിന്റെ മണ്ഡലത്തിലെ അസാന്നിധ്യമായിരുന്നു യു.ഡി.എഫിന് പിന്തുണ കുറയ്ക്കുന്നതില്‍ നിര്‍ണായകമായത്. എതിര്‍ കക്ഷികള്‍ പ്രധാന പ്രചാരണ വിഷയമാക്കിയതും ഇക്കാര്യം തന്നെയായിരുന്നു. 

എന്നാല്‍ പോരായ്മകളെ മറികടക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷനെത്തന്നെ യു.ഡി.എഫ് വയനാട്ടില്‍ മത്സരിപ്പിക്കുകയായിരുന്നു. ഈ തീരുമാനത്തോടെ വയനാട്ടില്‍ മാത്രമല്ല, കേരളത്തില്‍ മുഴുവനായും യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത് വയനാട്ടില്‍ നിന്നാണ്. ആകെ 20 പേര്‍ മത്സരിച്ച മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് അപരന്മാരായി രണ്ടുപേരും ഉണ്ടായിരുന്നു. 

യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപന വേളയില്‍ വയനാടിനെ മറ്റൊരു അമേഠിയോ റായ് ബറേലിയോ ആക്കാന്‍ അനുവദിച്ചുകൂടാ എന്ന മുദ്രാവാക്യത്തോടെ എല്‍.ഡി.എഫ് പ്രചാരണം തുടരുകയായിരുന്നു.  രാഹുല്‍ ഗാന്ധിയുടെ വാട്ടര്‍ ലൂ ആകും വയനാട് എന്ന വിശ്വാസത്തോടെതന്നെ പി.പി സുനീറിന്റെ പ്രചാരണ ക്യാമ്പുകള്‍ മുന്നേറിയിരുന്നു. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ ഉള്‍പ്പെടെ പി.പി സുനീര്‍ നടത്തിയ റോഡ് ഷോകളും ശ്രദ്ധേയമായിരുന്നു. 

മണ്ഡലത്തിലെ ഉയര്‍ന്ന പോളിങ് ശതമാനവും യു.ഡി.എഫിന്റെ വോട്ട് ഷെയര്‍ കൂടുന്നതിന് കാരണമായി. 2014-ല്‍ 73 ആയിരുന്ന പോളിങ് ശതമാനം ഇത്തവണ 80-നും മുകളിലേക്കുയര്‍ന്നു. മണ്ഡലത്തിലെ ആകെയുള്ള 1325788 വോട്ടര്‍മാരില്‍ 670002 പേര്‍ സ്ത്രീകളായിരുന്നു. ബത്തേരി, നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളില്‍ രണ്ട് ലക്ഷത്തിലേറെയാണ് വോട്ടര്‍മാരുടെ എണ്ണം. സ്ത്രീ വോട്ടുകള്‍ക്കൊപ്പം ചുരത്തിനു താഴെയുള്ള നാല് നിയോജക മണ്ഡലങ്ങളിലെ ന്യൂനപക്ഷ വോട്ടുകളും യു.ഡി.എഫിന് അനുകൂലമായി.

2014-ല്‍ മാനന്തവാടി, ബത്തേരി എന്നിവയില്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ എല്‍.ഡി.എഫിനായിരുന്നു. ഈ മണ്ഡലങ്ങളില്‍ യഥാക്രമം 8666, 8983 എന്നിങ്ങനെയായിരുന്നു സത്യന്‍ മൊകേരി നേടിയ ഭൂരിപക്ഷം. എന്നാല്‍ കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങള്‍ യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതി. ഇവിടങ്ങളില്‍ 1880, 2385, 18838, 3266, 12267 എന്നിങ്ങനെയായിരുന്നു ഷാനവാസിന്റെ ഭൂരിപക്ഷം.

നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ് നേടിയ ഭൂരിപക്ഷം

  • മാനന്തവാടി - 54631
  • സുല്‍ത്താന്‍ ബത്തേരി - 70465
  • കല്‍പ്പറ്റ - 63754
  • തിരുവമ്പാടി - 54471 
  • ഏറനാട് - 56527
  • നിലമ്പൂര്‍ - 61660
  • വണ്ടൂര്‍ - 69555

 

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമാണ് വയനാട്. രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ നടത്തിയ റോഡ് ഷോയില്‍ മുസ്ലിംലീഗിന്റെ പതാകയെ പാകിസ്താന്‍ പതാകയെന്ന രീതിയില്‍ വിമര്‍ശിച്ച അമിത് ഷായുടെ പ്രസ്താവനയുള്‍പ്പെടെ വിവാദമായിരുന്നു. മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെയും സി.പി.ഐയുടെയും ബി.ജെ.പിയുടെയും ദേശീയ നേതാക്കളുള്‍പ്പെടെ പ്രചാരണത്തിനും എത്തിയിരുന്നു. 

Content Highlights: UDF registers third consecutive victory in Wayanad, Lok Sabha Elections 2019, The Great Indian War 2019