ന്യൂഡല്‍ഹി: വയനാട്ടില്‍നിന്ന് മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല.

"കര്‍ണാടകയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും കേരളത്തില്‍നിന്നുമുള്ള പ്രവര്‍ത്തകര്‍ തങ്ങളുടെ സംസ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അമേഠിയാണ് തന്റെ കര്‍മഭൂമിയെന്നും അത് അങ്ങനെ തന്നെയായിരിക്കുമെന്നും കഴിഞ്ഞദിവസം ഒരു ഹിന്ദി ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നു മത്സരിക്കണമെന്ന അതതു സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരുടെ ആവശ്യത്തെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ബഹുമാനിക്കുന്നുവെന്നും" സുര്‍ജെവാല പറഞ്ഞു. 

അതേസമയം അമേഠിക്കു പുറമേ മറ്റൊരു മണ്ഡലത്തില്‍ കൂടി രാഹുല്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ പാര്‍ട്ടി ഇനിയും തീരുമാനമെടുത്തിട്ടില്ല. അക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മാത്രമേ രണ്ടാമത്തെ മണ്ഡലം ഏതാണെന്ന കാര്യം വ്യക്തമാവുകയുള്ളു. രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അത് വയനാട് ആയിരിക്കുമെന്നാണ് എ ഐ സിസിയിലെ മുതിര്‍ന്ന വക്താക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

വയനാട് മണ്ഡലത്തില്‍നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം വൈകുന്നത് തിരിച്ചടിക്കുമെന്ന് കേരളത്തില്‍നിന്നുള്ള നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷനെ അറിയിച്ചിട്ടുണ്ട്‌. തിരഞ്ഞെടുപ്പു പ്രചരണപരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച രാഹുല്‍ രാജസ്ഥാനിലാണുള്ളത്. 

content highlights: randeep singh surjewala on rahul gandhi's candidature from wayanad