കല്പറ്റ : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയും തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി വയനാട്ടിലെത്തും. രാഹുൽ ഗാന്ധി 17-ന് വയനാട്ടിലെത്തുമെന്നാണ് വിവരം. 16-ന് കേരളത്തിലെത്തുന്ന അദ്ദേഹം ആലപ്പുഴ, പത്തനംതിട്ട, പത്തനാപുരം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രസംഗിച്ചശേഷം കണ്ണൂരിലെത്തും. അവിടെ തങ്ങി പിറ്റേന്ന് വയനാട്ടിലെത്തും.

കല്പറ്റ നിയമസഭാ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ റോഡ് ഷോ നടന്നതിനാൽ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ മറ്റ് ആറു നിയമസഭാ മണ്ഡലങ്ങളിൽ അദ്ദേഹത്തെ എത്തിക്കാനാണ് നീക്കം. മാനന്തവാടിയിൽ പൊതുയോഗമുണ്ടാകില്ല. പകരം പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത പാപനാശിനിക്കടുത്തുള്ള തിരുനെല്ലിക്ഷേത്രം സന്ദർശിക്കും.

മലപ്പുറത്തെ മൂന്ന്‌ മണ്ഡലങ്ങളിലും തിരുവമ്പാടിയിലും പൊതുയോഗം വെയ്ക്കാനാണ് യു.ഡി.എഫ്. നേതൃത്വം ശ്രമിക്കുന്നത്.

പ്രിയങ്കാഗാന്ധി 20, 21 തീയതികളിലാകും വയനാട്ടിലെ മണ്ഡലങ്ങൾ സന്ദർശിക്കുക. വരുംദിവസങ്ങളിൽ കോൺഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ്, നവ്‌ജോത് സിങ് സിദ്ദു, ഖുഷ്ബു, ഗുലാംനബി ആസാദ് എന്നിവരും വയനാട്ടിലെത്തും.

Content Highlights: rahul gandhi-priyanka gandhi-wayanad