കോഴിക്കോട്: തിരഞ്ഞെടുപ്പ് സമയത്ത് മുന്നണികളെ കുഴക്കുന്ന ഘടകമാണ് അപരന്മാര്‍. ആരുടെയൊക്കെ പേരിലായിരിക്കും അപരന്മാര്‍ എത്തുകയെന്ന് ആര്‍ക്കും ഒരു നിശ്ചയവുമുണ്ടാവുകയില്ല. ഈ പ്രശ്‌നത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ നടക്കുന്നത് വയനാടാണ്.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ഏവരുടേയും ശ്രദ്ധ പതിഞ്ഞ മണ്ഡലത്തിലാണ് അപരനും എത്തുന്നത്‌.

രാഹുല്‍ ഗാന്ധി കെ.ഇ എന്നാണ് അപരന്റെ പേര്. കോട്ടയം എരുമേലി സ്വദേശിയാണ് ഇയാളെന്ന് അടുത്ത കോണ്‍ഗ്രസ് വൃത്തങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ് ഇയാളെന്നാണ് സൂചന.

പേരിലുള്ള ഇനീഷ്യല്‍ നീക്കി രാഹുല്‍ ഗാന്ധി എന്ന പേരില്‍ത്തന്നെ മത്സരിക്കാനായിരുന്നു യുവാവിന്റെ ശ്രമം. ഒരു ദേശീയ പാര്‍ട്ടിയുടെ പിന്തുണ നേടാനും ശ്രമം നടത്തിയിരുന്നു. വോട്ടിങ് യന്ത്രത്തിന്റെ ആദ്യഭാഗത്ത് തന്നെ ഇടംപിടിക്കാനുള്ള ശ്രമമാണിതെല്ലാമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിച്ചു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി വ്യാഴാഴ്ചയാണ് എന്നിരിക്കേ അപരനായി മത്സരത്തിനിറങ്ങുന്ന രാഹുല്‍ ഗാന്ധി ഇതുവരേയും പത്രിക സമര്‍പ്പിച്ചിട്ടില്ല. ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രിയങ്കാ ഗാന്ധിക്കൊപ്പം വ്യാഴാഴ്ച വയനാട്ടിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

Content Highlights: Rahul Gandhi, Loksabha Election 2019, The Great Indian War 2019, Wayanadu Constituency