ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ട് മണ്ഡലങ്ങളില്‍നിന്ന് മത്സരിക്കുന്നതിനെ ട്രോളി അമുല്‍. രാഹുല്‍ ഗാന്ധിക്കെതിരെ അമുല്‍ ബേബി പരാമര്‍ശവുമായി വിഎസ് അച്യുതാനന്ദന്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് രാഹുലിനെ ട്രോളി അമുലിന്റെ പരസ്യം പുറത്തുവന്നിരിക്കുന്നത്. 

അമുലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിന് പുറമേ ട്വിറ്റര്‍ ഹാന്റിലിലും ചിത്രം പങ്കുവെച്ചിട്ടുണ്ട്. പങ്കുവച്ച് മണിക്കൂറുള്‍ക്കകം ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തുവന്നു.

കോണ്‍ഗ്രസ് പ്രസിഡന്റ് രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നുവെന്ന അടിക്കുറിപ്പിനൊപ്പം 48കാരനായ രാഹുല്‍ ഗാന്ധിയുടെ കാരിക്കേച്ചറും 'വയനാട് ഹാവ് ഇറ്റ് വിത്ത് ബട്ടര്‍'(ഇത് വെണ്ണ ചേര്‍ത്ത് കഴിക്കാമോ)എന്നെഴുതിയ ചിത്രവുമാണ് അമുലിന്റെ പരസ്യത്തെ രസകരമാക്കുന്നത്. 'അമുല്‍ - അമേഠി കാ പറാത്ത' (അമേഠിയുടെ പറാത്ത) എന്നും ചിത്രത്തില്‍ വിശേഷിപ്പിച്ചിട്ടുണ്ട്. 

നേരത്തെ രാഹുല്‍ ഗാന്ധിയെ അമുല്‍ ബേബിയെന്ന് വിശേഷിപ്പിച്ച് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത് വന്നിരുന്നു. മറ്റുള്ളവരുടെ ഉപദേശങ്ങളില്‍ കുരുങ്ങി,  സാഹചര്യങ്ങളെ വിലയിരുത്താനാവാത്ത കുട്ടിയെപ്പോലെ പെരുമാറുകയാണ് രാഹുല്‍ ഗാന്ധിയെന്നും വി.എസ്. ആരോപിച്ചിരുന്നു.  

Content Highlights: Rahul Gandhi called ‘Amul baby’, dairy brand’s cartoon features Congress President