സുല്‍ത്താന്‍ ബത്തേരി: മോദിയെപ്പോലെ മന്‍ കി ബാത്തിനല്ല താന്‍ വയനാട്ടിലെത്തിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിങ്ങളുടെ ഹൃദയമറിയാനും നിങ്ങളിലൊരാളായി പ്രവര്‍ത്തിക്കാനുമാണ് താന്‍ എത്തിയതെന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. വയനാട്ടുകാര്‍ക്കൊപ്പം എക്കാലവും താനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്‍കി ബാത്ത് പറയാനല്ല ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ വന്നിരിക്കുന്നത്. നിങ്ങളുടെ ഹൃദയമറിയാനും നിങ്ങളിലൊരാളായി പ്രവര്‍ത്തിക്കാനുമാണ് ആഗ്രഹിക്കുന്നത്. മോദിയെ പോലെ വേദിയില്‍ നിന്ന് കോടികളും ജോലിയും വാഗ്ദാനം ചെയ്യുന്ന ആളല്ല ഞാന്‍. നിങ്ങളുടെ വികാരവും വിവേകവും ആദരിച്ചേ മതിയാവൂ എന്നെനിക്കറിയാം. ഈ നാടിന്റെ പ്രശ്‌നങ്ങള്‍ എന്താണെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനായി പുസ്തകങ്ങള്‍ വായിക്കാനല്ല, നിങ്ങളിലേയ്ക്ക് വരാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. നിങ്ങളനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങളും പ്രായോഗിക നിര്‍ദേശങ്ങളും നിങ്ങളില്‍നിന്നുതന്നെ രൂപപ്പെടും എന്നെനിക്കറിയാം. അത് നടപ്പില്‍വരുത്താനാണ് താന്‍ എത്തിയിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

കുറച്ചുകാലത്തേയ്ക്കു മാത്രമായല്ല താന്‍ വയനാട്ടിലെത്തിയിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിങ്ങളുടെ മകനും സഹോദരനുമാണ് ഞാന്‍ നിങ്ങള്‍ക്കുമുന്നിലെത്തിയിരിക്കുന്നത്. അതുകൊണ്ട് ജീവിതകാലം മുഴുവന്‍ നിങ്ങളോടൊപ്പം ഞാനുണ്ടാകും എന്ന് ഉറപ്പു നല്‍കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദി പ്രചരിപ്പിക്കുന്ന ചരിത്രമല്ല, നമ്മുടെ നാടിന്റെ ചരിത്രമാണ് പ്രധാനം. ഉത്തരേന്ത്യയുടെ വികാരങ്ങളല്ല ദക്ഷിണേന്ത്യയുടെ വികാരമാകേണ്ടത്. രാജ്യത്തെ ഏതൊരു ഇടത്തിനും പ്രധാന്യമുണ്ട്. ഈ നാടിന്റെ അഭിപ്രായങ്ങളും വികാരങ്ങളും ഭാഷയുമെല്ലാം പ്രധാന്യമുള്ളതാണ്. അത് രാജ്യം അറിയണം. തനിക്ക് വയനാട്ടില്‍ ജനവിധിതേടുന്നതിന് ഒട്ടും ആലോചിക്കേണ്ടിവന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തിന്റെ ഉത്തമ മാതൃകയാണ് കേരളം. രാജ്യത്തിന്റെ ഇതര ഇടങ്ങളിലുള്ളവര്‍ക്ക് ഈ നാട്ടില്‍നിന്ന് പഠിക്കാന്‍ ഏറെയുണ്ട്. മറ്റുള്ളവരെ എങ്ങനെ ആദരിക്കണമെന്നും ബഹുമാനിക്കണമെന്നും കേരളീയര്‍ക്കറിയാം. നിങ്ങളുടെ മകന്‍, സഹോദരന്‍, പ്രിയപ്പെട്ടവന്‍ എന്ന നിലയിലാണ് ഞാന്‍ നിങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

രാവിലെ പത്തു മണിയോടെ തിരുനെല്ലിയിലെത്തിയ രാഹുല്‍ ഗാന്ധി, ക്ഷേത്ര ദര്‍ശനത്തിനും ബലിതര്‍പ്പണത്തിനും ശേഷമാണ് സുല്‍ത്താന്‍ ബത്തേരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത്.

Content Highlights: Rahul gandhi at sulthan bathery, wayanad, lok sabha election 2019, Narendra Modi