പുല്പള്ളി: കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രിയങ്കാഗാന്ധി. പുല്പള്ളിയില്‍ യു.ഡി.എഫ്. കര്‍ഷകസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കും. ഇതിലൂടെ പ്രത്യേക കാര്‍ഷിക പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. വായ്പ തിരിച്ചടയ്ക്കാനാവാത്ത ഒരു കര്‍ഷകനെതിരേയും ക്രിമിനല്‍ നടപടിയോ ജയിലിലടയ്ക്കുന്ന സ്ഥിതിയോ രാജ്യത്തുണ്ടാകില്ല. 

ഉത്തര്‍പ്രദേശിലെ കര്‍ഷകരോട് ദൈനംദിനം ഇടപഴകുന്നയാളാണ് താന്‍. അവിടത്തെ കര്‍ഷകരുടെ ദുരവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് വയനാട്ടിലുമുള്ളത്. ഇവിടെ നെല്‍ക്കര്‍ഷകരും കാപ്പിക്കര്‍ഷകരും കുരുമുളക് കര്‍ഷകരുമെല്ലാം ദുരിതത്തിലാണ്. ഇവിടെ ആത്മഹത്യചെയ്ത കര്‍ഷകരുടെ ഭാര്യമാരും കുടുംബവും അനുഭവിക്കുന്ന വേദന ഞാന്‍ അറിയുന്നു. എന്റെ മനസ്സ് അവരോടൊപ്പമുണ്ട്.

തൊഴിലുറപ്പ് പദ്ധതിയില്‍ 150 തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കുകയും ദുര്‍ബലവിഭാഗത്തെ ശാക്തീകരിക്കാന്‍ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യും. ചികിത്സാച്ചെലവുകള്‍ താങ്ങാനാകാത്ത സാധാരണക്കാര്‍ക്കായി സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യചികിത്സാ പദ്ധതി നടപ്പാക്കും. ഇതിനെല്ലാം ഉപരിയായി കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ഏറ്റവും സുപ്രധാന ആശയം ന്യായ് പദ്ധതിയാണെന്നും പ്രിയങ്ക പറഞ്ഞു. 

pulpally
പുല്‍പ്പള്ളിയിലെ കര്‍ഷക സംഗമത്തില്‍ പങ്കെടുക്കാനെത്തിയവര്‍

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളെ വിമര്‍ശിച്ച പ്രിയങ്ക, വന്‍കിട വ്യാപാരികള്‍ക്കായി 3700 കോടി രൂപ വായ്പ ഒഴിവാക്കിയ സര്‍ക്കാരിന് പാവപ്പെട്ടവനുവേണ്ടി പണം കണ്ടെത്താനാവാത്തത് ലജ്ജാകരമാണെന്ന് പറഞ്ഞു. അവരുടെ കൈകളിലേക്ക് അധികാരം നല്‍കിയത് ജനങ്ങളാണെന്ന് അവര്‍ മറന്നുപോയി. ഇതിനൊക്കെ വോട്ടിലൂടെയാണ് ജനം മറുപടി നല്‍കേണ്ടത്. ഇതുപോലെ ദുര്‍ബലമായ ഭരണകൂടത്തെയോ ഇത്ര ദുര്‍ബലനായ പ്രധാനമന്ത്രിയെയോ ഇതുവരെ കണ്ടിട്ടില്ല. 

നിങ്ങളെ കേള്‍ക്കുന്ന, നിങ്ങളുടെ ആവശ്യങ്ങളെ അറിയുന്ന ഒരു ഭരണകൂടത്തെയാണ് നിങ്ങള്‍ അര്‍ഹിക്കുന്നത്. നിങ്ങളെ ആദരിക്കുന്ന, വാഗ്ദാനങ്ങള്‍ പാലിക്കുന്ന ഒരു പ്രധാനമന്ത്രിയെ നിങ്ങള്‍ അര്‍ഹിക്കുന്നു. അധികാരം ജനം നിങ്ങള്‍ക്കുതന്ന സമ്മാനമാണെന്ന് നിങ്ങളുടെ മുന്നിലെത്തുന്ന ഓരോ രാഷ്ട്രീയക്കാരനെയും നിങ്ങള്‍ ബോധ്യപ്പെടുത്തണം. വോട്ടുചെയ്യാനായി പോകുമ്പോള്‍ ഇവയെല്ലാം ഓര്‍മയില്‍വയ്ക്കണം. എന്താകണം രാഷ്ട്രീയമെന്ന ഉത്തമബോധ്യത്തില്‍ പുതിയൊരു നീക്കത്തില്‍, ശാക്തീകരണത്തില്‍ നിങ്ങളും അണിചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Content Highlights: Priyanka Gandhi speech at Pulpally, Lok Sabha Elections 2019