കല്പറ്റ: വയനാട് ലോക്‌സഭാമണ്ഡലത്തിൽ രാഹുൽഗാന്ധി മത്സരിക്കുമെന്ന പ്രഖ്യാപനം വന്നിട്ടും കുലുങ്ങാതെ എൽ.ഡി.എഫ്. സ്ഥാനാർഥി പി.പി. സുനീറിന്റെ പ്രചാരണം. പ്രഖ്യാപനം പ്രചാരണങ്ങളിലെ ആവേശത്തെ ബാധിച്ചിട്ടില്ല. പി.പി. സുനീറാകട്ടെ പരമാവധി വോട്ടർമാരെ നേരിൽകണ്ട് വോട്ട് തേടുന്ന തിരക്കിലാണ്.

മൂന്ന് ലക്ഷത്തിലധികം വോട്ടർമാരെ നേരിൽകണ്ടെന്ന ആത്മവിശ്വാസത്തിലാണ് ഇടതുക്യാമ്പ്. മണ്ഡലത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും സ്ഥാനാർഥി പര്യടനം പൂർത്തിയാക്കി. ഞായറാഴ്ച ചുണ്ട എസ്റ്റേറ്റിൽ നിന്നാണ് പ്രചാരണം തുടങ്ങിയത്. നൂറ്ു കണക്കിന് തോട്ടം തൊഴിലാളികളാണ് സുനീറിന് പിന്തുണയുമായി എത്തിയത്. നൂറോളം ബൈക്കുകളുടെ അകമ്പടിയോടെയാണ് സ്ഥാനാർഥിയെ ഒാരോ കേന്ദ്രങ്ങളിലും സ്വീകരിക്കുന്നത്.

പതിവിലും കൂടിയ പങ്കാളിത്തം സ്വീകരണങ്ങളിൽ ലഭിക്കുന്നുണ്ടെന്ന് ഇടതു നേതാക്കൾ പറഞ്ഞു. പത്ത് വർഷമായി വയനാട്ടിൽ എം.പി.യുടെ പ്രവർത്തനങ്ങൾ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടാൻ ധൈര്യമില്ലാത്ത കോൺഗ്രസ് രാഹുലിന്റെ വ്യക്തിപ്രഭാവത്തിൽ വിജയിക്കാനാകുമെന്ന സ്വപ്നത്തിലാണെന്നും വിജയിച്ച് രാജിവെക്കാനുള്ള നാടകത്തിനെതിരേ വയനാട്ടിലെ ജനങ്ങൾ വിധിയെഴുതുമെന്ന് ഇടതുനേതാക്കൾ പറഞ്ഞു.

പി.പി. സുനീർ കല്പറ്റ മണ്ഡലത്തിൽ മൂന്നും മറ്റു മണ്ഡലങ്ങളിൽ ഒരു തവണയും പര്യടനം പുർത്തിയാക്കിയിട്ടുണ്ട്. രാഹുൽഗാന്ധിയുടെ വ്യക്തിപ്രഭാവത്തെ മറികടക്കാൻ കൂടുതൽ കരുത്തോടെ പ്രചാരണങ്ങൾ സംഘടിപ്പിക്കുമെന്നാണ് എൽ.ഡി.എഫ്. നേതാക്കൾ പറയുന്നത്. തിങ്കളാഴ്ച മാനന്തവാടി നിയോജകമണ്ഡലത്തിലാണ് സ്ഥാനാർഥിയുടെ പര്യടനം.

Content Highlights: P P Suneer Election Campaign, Lok Sabha Elections 2019