കോഴിക്കോട്: വയനാട്ടിലും വടകരയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതിനെ പരിഹസിച്ച് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. രണ്ട് മണ്ഡലത്തിലും സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഓരോദിവസവും പുതിയ പേരുകള്‍ മാറിവരുന്നുവെന്ന് എം.എം. മണി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരോക്ഷമായി പറയുന്നു.

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്തകളും ചര്‍ച്ചകളും സജീവമാകുന്നതിനിടെയാണ് എം.എം. മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്. നേരത്തെ ടി. സിദ്ദിഖ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ആരംഭിച്ചിരുന്നുവെങ്കിലും രാഹുല്‍ ഗാന്ധിക്ക് വേണ്ടി പിന്മാറുമെന്ന് അറിയിച്ചിരുന്നു.

വടകരയിലും സമാനമായ സ്ഥിതിയാണ് നിലവിലുള്ളത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും കെ. മുരളീധരന്‍ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോവുകയാണ്. 

എം.എം. മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കാലമിനിയുമുരുളും..
വിഷുവരും വര്‍ഷം വരും

തിരുവോണം വരും
പിന്നെയൊരോതളിരിനും
പൂ വരും കായ് വരും​
അപ്പോഴാരെന്നും

'ആരെന്നും'

ആര്‍ക്കറിയാം..

(വയനാടിനെയും വടകരെയും കുറിച്ചല്ല)

Content Highlights: MM Mani mocking congress on delaying to announce candidates for wayanad and vatakara