2009-ല്‍ മണ്ഡലം രൂപീകരിച്ചതിന് ശേഷം നടക്കുന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് വയനാട്ടിലേത്. കഴിഞ്ഞ രണ്ട് തവണയും കോണ്‍ഗ്രസിന്റെ എം.ഐ ഷാനവാസായിരുന്നു മണ്ഡലത്തില്‍നിന്ന് പാര്‍ലമെന്റില്‍ എത്തിയത്. 2009-ല്‍ ഒന്നര ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഷാനവാസ് 2014-ല്‍ ജയിക്കുമ്പോള്‍ ഭൂരിപക്ഷം 20,870ലേക്ക് ചുരുങ്ങി. സിപിഐയുടെ സത്യന്‍ മൊകേരി ഷാനവാസിന് മുന്നില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയ തിരഞ്ഞെടുപ്പു കൂടിയായിരുന്നു കഴിഞ്ഞ തവണത്തേത്. 

പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴും മണ്ഡലത്തിലെ അസാന്നിധ്യമായിരുന്നു ഷാനവാസിന് ജനപിന്തുണ കുറയാനിടയായതെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് പ്രധാന പ്രതിയോഗിയായ സിപിഐയുടെ സ്ഥാനാര്‍ഥി പി.പി സുനീര്‍ ഉയര്‍ത്തിക്കാണിക്കുന്ന പ്രധാന പ്രചാരണ വിഷയവും ഇതുതന്നെയാണ്. 

വയനാട്ടില്‍ ഇത്തവണ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഏതാണ്ട് വ്യക്തമാക്കിക്കഴിഞ്ഞു. കോണ്‍ഗ്രസ് ക്യാമ്പില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി.പി സുനീര്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെത്തന്നെ മത്സരത്തിനിറക്കാനായാല്‍ വയനാട്ടില്‍ മാത്രമല്ല, കേരളത്തില്‍ മുഴുവനായും പുതിയൊരു തരംഗം സൃഷ്ടിക്കാനാകുമെന്ന് നേതാക്കന്മാര്‍ കണക്കുകൂട്ടുന്നു. ഇതുവരെ മറ്റൊരു കക്ഷിക്കും വിട്ടുകൊടുക്കാത്ത മണ്ഡലത്തില്‍ രാഹുലിനെ മത്സരിപ്പിക്കുന്നതോടെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പുതിയ മാനം കൈവരുമെന്നും നേതാക്കള്‍ കണക്കുകൂട്ടുന്നു. 

രാഹുല്‍ ഗാന്ധിയേപ്പോലെ ശക്തനായ ദേശീയ നേതാവ് വയനാട്ടില്‍ മത്സരിക്കാന്‍ എത്തുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ മാറ്റിയേക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ദേശീയ തലത്തില്‍ ശ്രദ്ധയേറ്റുവാങ്ങിയ കനയ്യകുമാറിന് ബിഹാറില്‍ സീറ്റ് നല്‍കാന്‍ സിപിഐക്ക് കഴിഞ്ഞിട്ടില്ല. വയനാട്ടില്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചാല്‍ കനയ്യകുമാറിനേപ്പോലൊരു നേതാവിനെ വയനാട്ടില്‍ പരീക്ഷിക്കാന്‍ സിപിഐ കേന്ദ്ര നേതൃത്വം തയ്യാറായാലും അത്ഭുതപ്പെടേണ്ടതില്ല.  

ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് അനുകൂല മണ്ഡലമാകാറുണ്ടെങ്കിലും 2016ലെ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഭൂരിപക്ഷം നേടാനായ മണ്ഡലമാണ് വയനാട്. ആകെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി നാല് എംഎല്‍എമാര്‍ ഇടതുപക്ഷത്തിന്റേതാണ്. മാനന്തവാടി, കല്‍പറ്റ, തിരുവമ്പാടി, നിലമ്പൂര്‍ എന്നീ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പം നിന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ സാഹചര്യം എത്രത്തോളം ഇടതുപക്ഷത്തിന് അനുകൂലമാക്കാന്‍ പറ്റുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

Content Highlights: Lok Sabha Election; Rahul Gandhi likely to become congress candidate in Wayanad