സുല്‍ത്താന്‍ബത്തേരി: നഗരത്തെ ഇളക്കിമറിച്ച് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.പി. സുനീറിന്റെ റോഡ് ഷോ. ബത്തേരിയെ ചുവപ്പണിയിച്ച് ആയിരങ്ങളാണ് നഗരവീഥിയിലൂടെ ഒഴുകിയത്. പാവങ്ങളുടെ പട്ടിണിയകറ്റാന്‍ രാജകുമാരനെയല്ല തങ്ങള്‍ക്ക് ആവശ്യമെന്ന് പ്രഖ്യാപിച്ചായിരുന്നു ജനപ്രവാഹം. എല്‍.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പൊതുയോഗത്തിന് ശേഷമായിരുന്നു റോഡ് ഷോ. നട്ടുച്ചനേരത്ത്, കനത്ത വെയിലിനെ അവഗണിച്ച് സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ അണിനിരന്നത്.

മുദ്രാവാക്യം വിളിച്ചും ചുവപ്പ് നിറം പരസ്പരം അണിയിച്ചും വാദ്യമേളങ്ങളുടെ താളത്തിനൊത്ത് നൃത്തം ചെയ്തും പെണ്‍കുട്ടികളടക്കമുള്ള യുവജനത റോഡ് ഷോ ആഘോഷമാക്കി. അരിവാള്‍ നെല്‍ക്കതിര്‍ ചിഹ്നം പതിച്ച ടീഷര്‍ട്ടുകള്‍ ധരിച്ച് സ്ഥാനാര്‍ഥിയുടെ കട്ടൗട്ടുകളും ചുവന്ന ബലൂണുകളും കൊടികളുമേന്തിയുമാണ് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയത്. റോഡ് ഷോയുടെ മുന്നില്‍ കൂറ്റന്‍പതാകകള്‍, തൊട്ടുപിന്നിലായി നേതാക്കളും പ്രവര്‍ത്തകരും. വനിതകളുടെ ചെണ്ടമേളവും നാസിക് ഡോളുമെല്ലാം കൊട്ടിക്കയറിയപ്പോള്‍ ആര്‍പ്പുവിളികളുമായി പ്രവര്‍ത്തകരുടെ ആവേശം അലതല്ലി.

LDF Roadshow
ബത്തേരിയിൽ എൽ.ഡി.എഫ്. റോഡ് ഷോ നയിക്കുന്ന സീതാറാം യെച്ചൂരിയും സ്ഥാനാർഥി പി.പി. സുനീറും. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കെ.കെ. ശൈലജ തുടങ്ങിയവർ സമീപം

റാലിയുടെ മധ്യഭാഗത്ത് തുറന്നവാഹനത്തിലെത്തിയാണ് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.പി. സുനീര്‍, മന്ത്രിമാരായ കെ.കെ. ശൈലജ, എ.കെ. ശശീന്ദ്രന്‍, സി.പി.ഐ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ., പി. സന്തോഷ് കുമാര്‍, പി. ഗഗാറിന്‍ തുടങ്ങിയ നേതാക്കള്‍ ജനങ്ങളെ അഭിവാദ്യം ചെയ്തത്. പരമ്പരാഗത ഗോത്രവാദ്യോപകരണങ്ങളുമായി ആദിവാസികളും റോഡ് ഷോയില്‍ അണിനിരന്നത് ശ്രദ്ധേയമായി. 12.15-ഓടെ സമ്മേളനവേദിയുടെ മുന്നില്‍ നിന്നാരംഭിച്ച റോഡ് ഷോ, വണ്‍വേ റോഡിലൂടെ കടന്ന് അസംപ്ഷന്‍ ജങ്ഷനില്‍ നിന്നും കോട്ടക്കുന്നുവരെയെത്തി സമാപിച്ചു.

രാവിലെ പത്തുമണിയോടെ ഗാന്ധിജങ്ഷന് സമീപത്തെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിലേക്ക് വിളംബരജാഥയായാണ് പ്രവര്‍ത്തകര്‍ എത്തിയത്. പൊതുയോഗം തുടങ്ങിയപ്പോഴേക്കും മൈതാനം നിറഞ്ഞുകവിഞ്ഞു. സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ തമ്പടിച്ചു. പ്രിയനേതാവ് സീതാറാം യെച്ചൂരിയെ കാണുന്നതിനും കേള്‍ക്കുന്നതിനുംവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഏവരും. യോഗ നടപടികള്‍ ആരംഭിച്ച് അല്പനേരത്തിനുള്ളില്‍തന്നെ യെച്ചൂരി വേദിയിലേക്ക് കടുന്നുവന്നു. ഇതോടെ ആവേശം വാനോളമായി. പ്രവര്‍ത്തകര്‍ ഏഴുന്നേറ്റുനിന്ന് വിപ്ലവാഭിവാദ്യം മുഴക്കിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എ.ആര്‍. സിന്ധു യെച്ചൂരിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. എല്‍.ഡി.എഫിന്റെ വയനാട് പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് പ്രകടന പത്രിക എം.പി. വീരേന്ദ്രകുമാര്‍ എം.പി.യ്ക്ക് നല്‍കി സീതാറാം യെച്ചൂരി പ്രകാശനം ചെയ്തു.

യെച്ചൂരിയുടെ ഉദ്ഘാടനപ്രസംഗത്തിന് ശേഷമായിരുന്നു റോഡ് ഷോ. രാഹുല്‍ ഗാന്ധിക്ക് ??മറുപടി നല്‍കാന്‍ കിട്ടിയ അവസരമാണിതെന്നും മുഴുവന്‍ സഖാക്കളും പ്രകടനത്തില്‍ പങ്കെടുക്കണമെന്നും നേതാക്കള്‍ മൈക്കിലൂടെ ആഹ്വാനം ചെയ്തപ്പോള്‍ കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. നേരത്തേ കല്പറ്റയിലും രാഹുലിന്റെ റോഡ് ഷോയ്ക്ക് ബദലായി എല്‍.ഡി.എഫ്. റോഡ് ഷോ സംഘടിപ്പിച്ചിരുന്നു.

Content Highlights: Lok Sabha Elections 2019, LDF Roadshow at Bathery