മാനന്തവാടി: പട്ടണത്തെ ചുവപ്പിച്ച് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് വിളംബരറാലി ശ്രദ്ധയാകർഷിച്ചു. ശനിയാഴ്ച വൈകുന്നേരം നാലരയോടെ എരുമത്തെരുവിൽനിന്ന്‌ തുടങ്ങിയ റാലി നഗരത്തെ വലംവെച്ച് ഗാന്ധിപാർക്കിൽ സമാപിച്ചു. ആയിരങ്ങളാണ് എൽ.ഡി.എഫ്. പതാകയും ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി പി.പി. സുനീറിന്റെ ചിത്രവുമായി റാലിയിൽ അണിനിരന്നത്. ചുവന്നചായം പൂശിയും മറ്റും റാലിയിൽ അണിനിരന്ന ആബാലവൃദ്ധം ജനങ്ങൾ എൽ.ഡി.എഫിന്റെ കരുത്തറിയിച്ചു.

റാലി അക്ഷരാർഥത്തിൽ നഗരത്തെ ഇളക്കിമറിച്ചു. കല്പറ്റയിലും സുൽത്താൻ ബത്തേരിയിലും നടത്തിയ റാലിക്കുപിന്നാലെ മാനന്തവാടിയിലെ റാലിയിലുമുണ്ടായ അഭൂതപൂർവമായ പങ്കാളിത്തം എൽ.ഡി.എഫ്. പ്രവർത്തകർക്കും ഊർജമായി. സ്ത്രീകൾ കൂട്ടത്തോടെ റാലിയിലേക്ക് ഒഴുകിയെത്തി. എരുമത്തെരുവ് സി.ഐ.ടി.യു. ഓഫീസ് പരിസരത്തുനിന്ന്‌ ആരംഭിച്ച റാലി ഒന്നര മണിക്കൂറോളമെടുത്താണ് നഗരം ചുറ്റിയത്. മുന്നിൽ എൽ.ഡി.എഫ്. നേതാക്കൾ അണിനിരന്നു. തൊട്ടുപിറകിലായി വാദ്യമേളം. തുടർന്ന് വനിതകളുടെ വിളംബരറാലി. ജനാധിപത്യ മഹിളാ അസോസിയേഷന്റെ കൊടിക്കീഴിൽ ആയിരക്കണക്കിന് സ്ത്രീകളും റാലിയിൽ അണിനിരന്നു.

എൽ.ഡി.എഫ്. സ്ഥാനാർഥി പി.പി. സുനീർ, ഒ.ആർ. കേളു എം.എൽ.എ, എം.വി. ശ്രേയാംസ്‌കുമാർ, വയനാട് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പി. സന്തോഷ് കുമാർ എന്നിവർ തുറന്നവാഹനത്തിൽ വോട്ടർമാരെ അഭിവാദ്യം ചെയ്തുനീങ്ങി. വാനിൽ ഉയർന്ന കൂറ്റൻ പതാകകൾക്കും മുകളിൽ മുദ്രാവാക്യങ്ങളുയർന്നു. വാദ്യമേളങ്ങളുടെ പെരുമ്പറ നഗരത്തെ ഇളക്കിമറിച്ചു. വർണബലൂണുകളും കൊടികളുമേന്തി സ്ത്രീകൾ റോഡ് നിറഞ്ഞുനീങ്ങി. ചായം വിതറിയും നൃത്തംചെയ്തും പി.പി. സുനീർ എന്നപേര് അന്തരീക്ഷത്തിൽ അലയടിച്ചു. പാതയോരങ്ങളിലും കെട്ടിടങ്ങൾക്കുമുകളിലും ജനക്കൂട്ടം റാലി വീക്ഷിച്ചു. റാലി കടന്നുവന്ന വഴികളിലെല്ലാം നൂറുകണക്കിനുപേർ അഭിവാദ്യമർപ്പിച്ചു.

എം.എൽ.എ.മാരായ ഒ.ആർ. കേളു, സി.കെ. ശശീന്ദ്രൻ, എൽ.ഡി.എഫ്. ജില്ലാ കൺവീനർ കെ.വി. മോഹനൻ, സി.പി.ഐ. ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, എൻ.സി.പി. ജില്ലാ പ്രസിഡന്റ് എം.പി. അനിൽ, കുര്യാക്കോസ് മുള്ളൻമട, പി. ഷബീറലി, ഡോ. ഗോകുൽദേവ്, കെ.എ. ആന്റണി, പി. വി. പത്മനാഭൻ, കെ.പി. ശശികുമാർ, എ.എൻ. പ്രഭാകരൻ, കെ. റഫീഖ്, കെ.എം. വർക്കി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

Content Highlights: LDF Rally at Mananthavady, Lok Sabha Elections 2019